വാഹനാപകടങ്ങള്‍: തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രകാരം യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാമോ? പരിശോധിക്കുമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കാര്‍ അപകടത്തില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന യാത്രക്കാരന് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രകാരം നഷ്ടപരിഹാരം നല്‍കാമോ എന്ന കാര്യം സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിശോധിക്കും. ഓട്ടോറിക്ഷ അപകടത്തില്‍ മരിച്ച യാത്രക്കാരന് നഷ്ടപരിഹാരം നല്‍കിയ മോട്ടോര്‍ അപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ വിധി ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരേ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ പരിഗണിച്ചപ്പോളാണ് രണ്ടംഗ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
റോഡ് സൈഡില്‍ മണല്‍ക്കൂനയില്‍ തട്ടിമറിഞ്ഞാണ് ഓട്ടോറിക്ഷയിലെ യാത്രക്കാരന്‍ മരിച്ചിരുന്നത്. യാത്രക്കാരന്‍ തേഡ് പാര്‍ട്ടിയെന്ന് പറഞ്ഞാണ് ട്രൈബ്യൂണല്‍ നഷ്ടപരിഹാരത്തിന് വിധിച്ചത്. ഈ വിധി കേരള ഹൈക്കോടതിയും ശരിവച്ചു. ഈ വിധികള്‍ക്കെതിരെയാണ് ഇന്‍ഷുറന്‍സ് കമ്പനി സുപ്രിംകോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് വിഷയം മൂന്നംഗ ബെഞ്ച് പരിശോധിക്കട്ടെയെന്ന് സുപ്രിംകോടതി പറഞ്ഞത്. ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി ഒഴികെയുള്ള മറ്റെല്ലാ വ്യക്തികളെയും തേഡ് പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തണോ, ആരാണ് ആദ്യ പാര്‍ട്ടി, ആരാണ് രണ്ടാം പാര്‍ട്ടി എന്നൊക്കെ വ്യക്തമാക്കണമെന്നാണ് കോടതിയുടെ നിലപാട്.