യൂട്യൂബിലെ മോട്ടിവേഷന്‍ സ്പീക്കര്‍ മോഷണക്കേസില്‍ അറസ്റ്റില്‍; പത്ത് വീടുകള്‍ പ്രതി കൊള്ളയടിച്ചെന്ന് പോലിസ്

Update: 2025-08-29 16:43 GMT

ഭുവനേശ്വര്‍: വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നയാള്‍ അറസ്റ്റില്‍. യൂട്യൂബില്‍ മോട്ടിവേഷന്‍ സ്പീക്കറായ മനോജ് കുമാര്‍ എന്നയാളാണ് പിടിയിലായത്. ചേഞ്ച് യുവര്‍ ലൈഫ് എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന മനോജ് കുമാര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും നിരവധി വീഡിയോകള്‍ ചെയ്തിരുന്നു. ഖാണ്ഡഗിരി പ്രദേശത്ത് ഒരു ദമ്പതികളുടെ വീട് കൊള്ളയടിച്ചതിലെ അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. 200 ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും ഒരു ബൈക്കും വീടുകള്‍ കുത്തിത്തുറക്കാനുള്ള ആയുധങ്ങളും പ്രതിയില്‍ നിന്നും കണ്ടെടുത്തു.

പകല്‍ മാത്രമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നതെന്ന് പോലിസ് പറയുന്നു. ആഗസ്റ്റ് 14ന് രാവിലെ ഒമ്പതിനും ഉച്ചയ്ക്ക് രണ്ടിനും ഇടയിലാണ് ഇയാള്‍ ഖാണ്ഡഗിരി പ്രദേശത്തെ വീട്ടില്‍ മോഷണം നടത്തിയത്. 300 ഗ്രാം സ്വര്‍ണവും അഞ്ചുലക്ഷം രൂപയുമാണ് മോഷണം പോയത്. നന്നായി ജീവിക്കേണ്ടത് എങ്ങനെയാണെന്ന് പ്രചരിപ്പിച്ചിരുന്നയാളെ സ്റ്റേഷനില്‍ പ്രതിയായി കണ്ടപ്പോള്‍ അല്‍ഭുദപ്പെട്ടെന്ന് എസ്പി പറഞ്ഞു.