മുസ്‌ലിം ആണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടിയെ കമന്റടിച്ചെന്ന്; ഉമ്മമാരെ അറസ്റ്റ് ചെയ്ത് യുപി പോലിസ്
ലഖ്‌നോ: ഹിന്ദു സമുദായത്തിലെ പെണ്‍കുട്ടിയെ കമന്റടിച്ചെന്ന് ആരോപിച്ച് മുസ്‌ലിം സമുദായത്തിലെ നാലു ആണ്‍കുട്ടികളുടെ ഉമ്മമാരെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബദായൂനിലാണ് സംഭവം. ഭാരതീയ ന്യായസംഹിതയിലേയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ആണ്‍കുട്ടികളുടെ വാപ്പമാര്‍ നാട്ടിലെത്തിയാല്‍ അവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലിസ് അറിയിച്ചു. കുട്ടികളെ നല്ല മൂല്യങ്ങള്‍ പഠിപ്പാക്കത്തിനാണ് നടപടിയെന്നും പോലിസ് അവകാശപ്പെട്ടു. വിഷയത്തില്‍ പ്രതികരിക്കാന്‍ ബദായൂന്‍ എസ്എസ്പി ബ്രിജേഷ് കുമാര്‍ സിങ് തയ്യാറായില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്തു. ബറെയ്‌ലി ഡിഐജി അജയ് കുമാര്‍ സാഹ്നിയും വിഷയത്തില്‍ പ്രതികരിച്ചില്ല. പെണ്‍കുട്ടി സ്‌കൂളില്‍ പോയി വരുമ്പോള്‍ ന്യൂനപക്ഷ സമുദായത്തിലെ പെണ്‍കുട്ടികള്‍ കമന്റടിച്ചതാണ് കേസിന് കാരണമെന്ന് പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പതിമൂന്ന് വയസിന് താഴെയുള്ള കുട്ടികളാണ് കേസിന് കാരണമെന്നും പോലിസ് ഉദ്യോഗസ്ഥര്‍ വാദിക്കുന്നു.
'' ഈ നാല് ആണ്‍കുട്ടികളും മോശം പെരുമാറ്റക്കാരാണ്, ദുഷ്പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പേരുകേട്ടവരാണ്. അത്തരം മാതാപിതാക്കള്‍ക്ക് ഒരു സന്ദേശം അയയ്ക്കുകയും ഒരു പാഠം പഠിപ്പിക്കുകയും വേണം... നല്ല മൂല്യങ്ങള്‍ പഠിപ്പിക്കാത്തതിനും കുട്ടികളെ നന്നായി വളര്‍ത്താത്തതിനുമാണ് നടപടി. യുപിക്ക് പുറത്ത് ജോലി ചെയ്യുന്ന നാലുപേരുടെയും പിതാക്കള്‍ വീട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടും.''-പോലിസ് വിശദീകരിച്ചു. അതേസമയം, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വ്യക്തിഗത ബോണ്ട് സമര്‍പ്പിച്ച ശേഷം ഉമ്മമാരെ വിട്ടയച്ചു.