ജനക്പുരി സിഖ് വിരുദ്ധകലാപം: കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍കുമാറിനെ വെറുതെവിട്ടു
ന്യൂഡല്‍ഹി: 1984ല്‍ ഡല്‍ഹിയിലെ ജനക്പുരിയില്‍ സിഖുകാര്‍ക്കെതിരേ കലാപം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍കുമാറിനെ വെറുതെവിട്ടു. സജ്ജന്‍കുമാര്‍ ആള്‍ക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചതിനോ ഗൂഡാലോചന നടത്തിയതിനോ മതിയായ തെളിവുകളില്ലെന്ന് പറഞ്ഞാണ് കോടതി ഉത്തരവ്. '' പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികളില്‍ ഭൂരിഭാഗവും കേട്ടുകേള്‍വിക്കാരായിരുന്നു. അതില്‍ പലര്‍ക്കും മൂന്നു പതിറ്റാണ്ടായിട്ടും പ്രതികളുടെ പേര് പോലും പറയാന്‍ സാധിച്ചില്ല. അവരുടെ മൊഴികള്‍ പ്രകാരം പ്രതിയെ ശിക്ഷിക്കുന്നത് ഉചിതമാവില്ല.''-റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ദിഗ് വിനയ് സിംഗ് പറഞ്ഞു. '' ഒരാള്‍ നൂറുകേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കാം. പക്ഷെ, 101ാം കേസില്‍ ശിക്ഷിക്കണമെങ്കില്‍ പോലും കുറ്റകൃത്യത്തിലെ പങ്ക് സംശയാതീതമായി തെളിയിക്കാനാവണം. സമാനമായ കുറ്റങ്ങള്‍ മുന്‍കാലങ്ങളില്‍ ചെയ്തുവെന്നത് കൊണ്ടുമാത്രം ഒരാളെ ശിക്ഷിക്കാനാവില്ല. കുറ്റകൃത്യ ചരിത്രം കേസിലെ തെളിവല്ല, മറിച്ച് ശിക്ഷ വിധിക്കുന്നതിനെ ബാധിക്കുന്ന കാര്യമാണ്.''-കോടതി വിശദീകരിച്ചു.
1984ല്‍ ഗുരുദ്വാര ആക്രമിച്ച് അഞ്ച് സിഖുകാരെ കൊലപ്പെടുത്തിയെന്ന കേസില്‍ സജ്ജന്‍കുമാര്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ കേസിലെ സജ്ജന്‍കുമാറിന്റെ അപ്പീല്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പഞ്ചാബിലെ അമൃത്സറിലെ ഗോള്‍ഡന്‍ ടെമ്പിള്‍ കേന്ദ്രസര്‍ക്കാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ സിഖ് അംഗരക്ഷകര്‍ വധിച്ചിരുന്നു. അതിന് പിന്നാലെയാണ് കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ സിഖുകാരെ കൂട്ടക്കൊല ചെയ്തത്.