കൊവിഡ് ബാധിച്ച് 2024ല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് കേരളത്തില്‍

Update: 2025-01-21 02:14 GMT

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍. 2024 ജനുവരിക്കും ഡിസംബര്‍ ആറിനുമിടയില്‍ 66 പേര്‍ മരിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. കര്‍ണാടകത്തില്‍ 39 പേരും മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ മുപ്പതിലധികംപേരും മരിച്ചു. ഇക്കാലയളവില്‍ കേരളത്തില്‍ 5,597 പേര്‍ക്ക് കൊവിഡ് ബാധിച്ചു.

2023ല്‍ കേരളത്തില്‍ 87,242 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 516 പേര്‍ മരിക്കുകയും ചെയ്തു. 2022ല്‍ 15,83,884 പേര്‍ക്ക് രോഗം ബാധിക്കുകയും 24,114 പേര്‍ മരിക്കുകയും ചെയ്തിരുന്നു. സംസ്ഥാനസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച രണ്ടുപേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇപ്പോള്‍ കൊവിഡിന്റെ പുതിയവകഭേദങ്ങളൊന്നുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 2023 നവംബറില്‍ സ്ഥിരീകരിച്ച ജെഎന്‍. 1 എന്ന വകഭേദമാണ് ഇപ്പോഴുള്ളത്.