ഷഹീദീന്‍ ഖുറൈശിയെ ബജ്‌റംഗ് ദളുകാര്‍ തല്ലിക്കൊന്ന സംഭവം; പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹരജിയില്‍ നോട്ടീസ്

Update: 2025-06-01 15:13 GMT

അലഹബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മുസ്‌ലിം യുവാവിനെ ബജ്‌റംഗ് ദളുകാര്‍ തല്ലിക്കൊന്ന സംഭവം പ്രത്യേക പോലിസ് സംഘം അന്വേഷിക്കണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അലഹബാദ് ഹൈക്കോടതി നോട്ടിസ് അയച്ചു. ഡിസംബര്‍ 29ന് പുലര്‍ച്ചെ ബജ്‌റംഗ് ദളുകാര്‍ തല്ലിക്കൊന്ന ഷഹീദീന്‍ ഖുറൈശി(37)യുടെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് സഹോദരന്‍ മുഹമ്മദ് ആലത്തിന്റെ ഹരജി ആവശ്യപ്പെടുന്നത്. വിഷയത്തില്‍ സര്‍ക്കാരുകളുടെ നിലപാട് വന്ന ശേഷം കേസ് ജൂണ്‍ പത്തിന് വീണ്ടും പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥും രാം മനോഹര്‍ നാരായണ്‍ മിശ്രയും പറഞ്ഞു.

കൈവണ്ടി വലിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന തന്റെ സഹോദരനെ ഒരു കൂട്ടം ഗോസംരക്ഷകര്‍ ക്രൂരമായി കൊലപ്പെടുത്തിയെന്ന് ഹരജിയില്‍ മുഹമ്മദ് ആലം ചൂണ്ടിക്കാട്ടി. ആള്‍ക്കൂട്ട കൊലപാതകം എന്ന വകുപ്പ് ചേര്‍ക്കാതെ കൊലപാതകം എന്ന വകുപ്പ് മാത്രമാണ് പോലിസ് ചേര്‍ത്തത്. പോലിസ് നിഷ്പക്ഷത പാലിക്കാതെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പരാതി നല്‍കിയതിനാല്‍ എനിക്ക് ജീവന് ഭീഷണിയുണ്ട്. അതിനാല്‍ എനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കുന്ന രീതിയിലുള്ള നടപടിയാണുണ്ടാവണമെന്നും ആലം ആവശ്യപ്പെടുന്നു.

ആള്‍ക്കൂട്ട കൊലപാതക ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതി നടപ്പിലാക്കാന്‍ യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കണം, ഷഹീദീന്‍ ഖുറൈശിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷവും ഇടക്കാല ആശ്വാസമായി 10 ലക്ഷവും നല്‍കണം, തെഹ്‌സീന്‍ പൂനെവാലെ കേസിലെ സുപ്രിംകോടതി വിധി പ്രകാരം പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണം, ആള്‍ക്കൂട്ട ആക്രമണത്തിനും ആള്‍ക്കൂട്ട കൊലപാതകത്തിനുമെതിരെ പൊതുജന അവബോധ കാമ്പെയ്‌നുകള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണം തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങള്‍.