കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സത്യേന്ദ്ര ജെയിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു

2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കേ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍

Update: 2022-06-13 07:15 GMT

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ 14 ദിവസം റിമാന്‍ഡ് ചെയ്ത് കോടതി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞ 14 ദിവസമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലായിരുന്ന സത്യേന്ദ്ര ജെയിന് കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും, കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

കഴിഞ്ഞ മേയ് 30ന് ആണ് സത്യേന്ദര്‍ ജെയിന്‍ അറസ്റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കേ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.ഈ പണമുപയോഗിച്ച് മന്ത്രി ഡല്‍ഹിയില്‍ ഭൂമി വാങ്ങിയതായും ഇ ഡി കണ്ടെത്തിയിരുന്നു.ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു.

അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെയും ഭാര്യ പൂനം ജെയിനിന്റെയും ബന്ധുക്കളുടേയും വസതികളിലും ഓഫിസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പ്പെടാത്ത 1.8 കിലോ സ്വര്‍ണവും, 2.85 കോടി രൂപയും രേഖകളും പിടിച്ചെടുത്തതായാണ് ഇഡി നല്‍കുന്ന വിവരം.

അതേസമയം മന്ത്രിക്കെതിരെ ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായി ഇഡി കള്ളക്കേസ് എടുക്കുകയായിരുന്നു എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. ഇത്തരത്തില്‍ മറ്റ് മന്ത്രിമാരെയും കുടുക്കാന്‍ സാധ്യതയുണ്ടെന്നും എഎപി ആരോപണം ഉന്നയിച്ചിരുന്നു.

Tags:    

Similar News