കൊല്ലുമെന്ന് ഹിന്ദുത്വര്‍; ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ പോലിസില്‍ പരാതി നല്‍കി

Update: 2025-05-13 04:22 GMT

ബംഗളൂരു: പ്രസിദ്ധ ഫാക്ട് ചെക്കറും ആള്‍ട്ട് ന്യൂസ് സ്ഥാപകനുമായ മുഹമ്മദ് സുബൈറിന് ഹിന്ദുത്വരുടെ വധഭീഷണി. തന്റെ വിലാസവും ഫോണ്‍ നമ്പറുമെല്ലാം ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചാണ് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് സുബൈര്‍ ബംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ഹിന്ദുത്വര്‍ അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളും മറ്റും തുറന്നുകാട്ടുന്ന സുബൈറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അടുത്തിടെ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പ്രചരിപ്പിക്കപ്പെട്ട നിരവധി വാര്‍ത്തകളും വീഡിയോകളും വ്യാജമാണെന്ന് സുബൈര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2023ല്‍ തനിക്കെതിരെ സമാനമായ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സുബൈര്‍ ചൂണ്ടിക്കാട്ടി. വിലാസം പുറത്തുവന്നതിനെ തുടര്‍ന്ന് ഒരു ഹിന്ദുത്വന്‍ പന്നിയിറച്ചി അഡ്രസിലേക്ക് അയക്കുകയും ചെയ്തു. ഈ പരാതിയില്‍ പോലിസ് മതിയായ അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.