മോഫിയ പര്‍വ്വീന്റെ മരണം: സമരത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസുകാര്‍ മുസ്‌ലിംകള്‍ ; തീവ്രവാദം ചാര്‍ത്തിക്കൊടുത്ത് കേരള പോലിസ്

ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരിലാണോ ഇത് ചെയ്തതെന്ന് കണ്ടെത്തണമെന്നും ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു

Update: 2021-12-11 04:15 GMT

കൊച്ചി:  മോഫിയ പര്‍വ്വീന്റെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയതിന് അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുസ്‌ലിംകളായതോടെ റിപ്പോര്‍ട്ടില്‍ തീവ്രവാദം ചാര്‍ത്തിക്കൊടുത്ത് കേരള പോലിസ്. ആലുവയില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് തീവ്രവാദ ആരോപണവുമായി പോലിസ് രംഗത്തുവന്നിരിക്കുന്നത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മോഫിയ പര്‍വ്വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരം. സമരത്തില്‍ പങ്കെടുത്ത് പോലിസ് അറസ്റ്റ് ചെയ്ത അല്‍ അമീന്‍, അനസ്, നജീബ് എന്നിവര്‍ക്കെതിരെയാണ് പോലിസിന്റെ ആരോപണം. കസ്റ്റഡി അപേക്ഷയിലായിരുന്നു പരാമര്‍ശം.

 പൊതുമുതല്‍ നശിപ്പിച്ചതടക്കം കുറ്റം ചുമത്തി 12 പേരെ പ്രതികളാക്കി കേസെടുത്തിരുന്നു. ഇതില്‍ അറസ്റ്റ് ചെയ്ത മൂന്ന് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നില്‍കിയ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പോലിസ് ആരോപിക്കുന്നത്. കെഎസ്‌യു ആലുവ മണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍, കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് നജീബ്, ബൂത്ത് വൈസ് പ്രസിഡന്റ് അനസ് എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്ന്, നാല്, അഞ്ച് പ്രതികളാണിവര്‍. എടയപ്പുറം സ്വദേശി സല്‍മാന്‍ ഫാരിസാണ് കേസില്‍ രണ്ടാം പ്രതി. എടത്തല സ്വദേശി സഫ്‌വാനാണ് മൂന്നാം പ്രതി. പോലിസിന്റെ ജലപീരങ്കിയുടെ മുകളില്‍ കയറി നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രതികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരിലാണോ ഇത് ചെയ്തതെന്ന് കണ്ടെത്തണമെന്നും ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. സമരവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് കേസുകള്‍ എടുത്തിരുന്നു. അതിലൊന്നും തീവ്രവാദ ബന്ധം പോലിസ് ഉന്നയിച്ചിട്ടില്ല.

 ഈ സാഹചര്യത്തില്‍ ഈ കേസില്‍ മാത്രം പോലിസ് എന്തുകൊണ്ട് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കി എന്നത് ദുരൂഹമാണ്. എന്നാല്‍ പോലിസിന്റെ ആരോപണം കോടതി തള്ളിക്കളഞ്ഞു. അതെ സമയം പോലിസിന്റെ റിമാന്റ് റിപ്പോര്‍ട്ടിനെതിരെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എ രംഗത്തുവന്നു. പ്രതികള്‍ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാര്‍ഹവും ഈ രീതിയില്‍ റിമാന്റ് റിപ്പോര്‍ട്ട് എഴുതിയ പോലിസിനെതിരേ നടപടി സ്വീകരിക്കുമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ജനാധിപത്യരീതിയില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും, അതിന്റെ പ്രവര്‍ത്തകരോടുമുള്ള അവഹേളനമാണ് റിമാന്റ് റിപ്പോര്‍ട്ടിലൂടെ മനസ്സിലാക്കുന്നത്. ഈ തീവ്രവാദി ബന്ധം റിമാന്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത് സര്‍ക്കാരിന്റെ അറിവോടുകൂടി ആണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ ആവശ്യപ്പെട്ടു. എസ്പിയെ ഫോണില്‍ വിളിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. മുസ്‌ലിം നാമങ്ങളോടുപോലും അസഹിഷ്ണുത തോന്നുന്ന വിധത്തില്‍ കേരളപോലിസ് മുഖം കെടുന്നുവെന്നതിന്റെ ഉദാഹരണമാണ് ആലുവയിലെ സംഭവം.

Tags:    

Similar News