ടെഹ്‌റാന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിളിച്ച് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും എത്രയും വേഗം സംഘര്‍ഷം തീര്‍ക്കണം എന്നും മോദി ആവശ്യപ്പെട്ടു. യുഎഇ പ്രസിഡന്റുമായും മോദി ഫോണില്‍ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങള്‍ക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡന്റ് അറിയിച്ചു. ഇന്ത്യ കൂടെ നില്‍ക്കുന്നതിന് നന്ദിയെന്ന് ഷെയിക് മൊഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ പ്രതികരിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനെ രണ്ടു രാജ്യങ്ങളും അനുകൂലിക്കുന്നു എന്നും യുഎഇ പ്രസ്താവനയില്‍ വ്യക്തമാക്കി. കേന്ദ്ര മന്ത്രിസഭാ സമിതി യോഗം മേഖലയിലെ സ്ഥിതി വിശദമായി വിലയിരുത്തി. അതേസമയം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ചതില്‍ ഇന്ത്യ മൗനം തുടരുകയാണ്. ഇറാനെതിരെ ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണത്തിലും ഇന്ത്യ മൗനം പാലിച്ചു. മോദി ഇസ്രായേല്‍ സന്ദര്‍ശിച്ച് മടങ്ങിയതിന്റെ തൊട്ടുപിന്നാലെയാണ് ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്.