ശരീരത്തില്‍ 'പുണ്യജലം' തളിച്ച് പൂജാരി കയറിപ്പിടിച്ചെന്ന് മോഡല്‍

Update: 2025-07-10 12:32 GMT

ക്വാലലംപുര്‍: പ്രാര്‍ഥനയ്ക്കെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി മലേഷ്യയിലെ ക്ഷേത്ര പൂജാരി ലൈംഗികാതിക്രമം നടത്തിയെന്ന് ഇന്ത്യന്‍ വംശജയും നടിയും മോഡലുമായ ലിഷാല്ലിനി കണാരന്‍. 'ഇന്ത്യയില്‍നിന്നുള്ള പുണ്യജലമാണ്' എന്നു പറഞ്ഞ് തന്റെ ദേഹത്ത് വെള്ളം തളിച്ചതിനു പിന്നാലെയാണ് ഇന്ത്യക്കാരനായ പൂജാരി തന്നെ കയറിപ്പിടിച്ചതെന്നും അവര്‍ പറഞ്ഞു.

''സാധാരണ അമ്മയ്ക്കൊപ്പമാണ് ക്ഷേത്രത്തില്‍ പോകാറുള്ളത്. ജൂണ്‍ 21ന് ഞാന്‍ ഒറ്റയ്ക്ക് പോയപ്പോഴാണ് ക്ഷേത്ര പൂജാരിയില്‍നിന്ന് മോശം അനുഭവം ഉണ്ടായത്. ഇന്ത്യയില്‍നിന്ന് പ്രത്യേകമായി പൂജിച്ച ജലം നല്‍കാമെന്നു പറഞ്ഞ് എന്നെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് ജലം എന്റെ ശരീരത്ത് തുടര്‍ച്ചയായി തളിച്ചതിനു ശേഷം വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അത് നിഷേധിച്ചപ്പോള്‍ ഇതൊക്കെ നിനക്കു വേണ്ടിയാണ് ചെയ്യുന്നതെന്നു പറഞ്ഞ് എന്റെ വസ്ത്രത്തിനുള്ളില്‍ കയ്യിട്ടു മാറിടത്തില്‍ സ്പര്‍ശിച്ചു. പെട്ടെന്ന് ഞെട്ടിപ്പോയ എനിക്ക് സ്വബോധം വീണ്ടെടുക്കാന്‍ കുറച്ചു സമയം വേണ്ടി വന്നു. സ്വബോധം വീണ്ടെടുത്തപ്പോള്‍ ഞാന്‍ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു''-നടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

ആ സംഭവത്തിനു ശേഷം ദിവസങ്ങളോളം അതിനെ കുറിച്ചോര്‍ത്ത് രാത്രി ഞെട്ടി എഴുന്നേറ്റെന്നും ഇന്നും അതില്‍നിന്ന് മോചിതയായിട്ടില്ലെന്നും അവര്‍ പറയുന്നു. അമ്മ ഇന്ത്യയില്‍ പോയപ്പോഴാണ് സംഭവം നടന്നത്. അമ്മ തിരികെ വന്നതിനു ശേഷം കാര്യങ്ങള്‍ വീട്ടുകാരെ അറിയിച്ച് പരാതി നല്‍കിയെങ്കിലും ഇതു പുറത്തറിഞ്ഞാല്‍ നിങ്ങള്‍ക്കു തന്നെയാണ് പ്രശ്‌നമെന്നാണ് പറഞ്ഞ് പോലിസ് കേസ് ഒഴിവാക്കാനാണ് നോക്കിയതെന്നും നടി പറഞ്ഞു. പൊലീസുമായി ക്ഷേത്രത്തില്‍ എത്തിയെങ്കിലും അപ്പോഴേക്കും അയാളെ സമാനമായ മറ്റൊരു സംഭവത്തില്‍ ക്ഷേത്രത്തില്‍നിന്ന് പുറത്താക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ ഈ വിഷയം പുറത്തറിയാതിരിക്കാന്‍ നോക്കിയതിനാല്‍ അയാള്‍ക്ക് യാതൊരു ശിക്ഷയും നല്‍കാതെ പറഞ്ഞുവിടുകയായിരുന്നെന്നും അവര്‍ പറഞ്ഞു.