സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പോസ്‌റ്റെന്ന്; ഗോധ്രയില്‍ സംഘര്‍ഷം, 18 പേര്‍ അറസ്റ്റില്‍

Update: 2025-09-20 12:00 GMT

അഹമദാബാദ്: ഗുജറാത്തിലെ ഗോധ്രയില്‍ വന്‍ സംഘര്‍ഷം. രണ്ടു ദിവസം മുമ്പ് ഒരാള്‍ വിവാദമായ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. അയാളെ പോലിസ് ഇന്നലെ രാത്രി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അയാളെ പോലിസ് മര്‍ദ്ദിച്ചതിന്റെ വീഡിയോ പിന്നീട് പുറത്തുവന്നു. അതിന് പിന്നാലെ നിരവധി പേര്‍ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. കല്ലേറില്‍ പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലിസിന്റെ വജ്ര വാഹനത്തിന് നേരെയും കല്ലേറുണ്ടായി.


തുടര്‍ന്ന് പോലിസ് ലാത്തിചാര്‍ജ് നടത്തി. അതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 17 പേരെ അറസ്റ്റ് ചെയ്‌തെന്നും 88 പേര്‍ക്കെതിരെ കേസെടുത്തെന്നും പോലിസ് അറിയിച്ചു.

ഒരു സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റിനെ തുടര്‍ന്ന് വഡോദരയിലും സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. 50 പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പാനി ഗേറ്റ്, ജൂനി ഗേറ്റ് എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടയാള്‍ക്കെതിരെയും അയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരേയും കേസെടുത്തതായി വഡോദര കമ്മീഷണര്‍ നരസിംഹ കൊമാര്‍ പറഞ്ഞു.