മുസ്‌ലിം തുണിക്കച്ചവടക്കാരനെ തല്ലിക്കൊന്നു; ചെവി പ്ലയര്‍ കൊണ്ട് മുറിച്ചു
പറ്റ്‌ന: ബിഹാറിലെ നവാദ ജില്ലയില്‍ തുണി വ്യാപാരം നടത്തിയിരുന്ന മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. മുഹമ്മദ് അത്തര്‍ ഹുസൈന്‍ എന്ന 40കാരനാണ് ബിഹാര്‍ശരീഫ് സാദര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ മരിച്ചത്. ഡിസംബര്‍ അഞ്ചിന് ഭട്ട ഗ്രാമത്തിലാണ് ഹുസൈനെതിരെ ആക്രമണം നടന്നത്. ആറോ ഏഴോ പേര്‍ അടങ്ങിയ മദ്യപാനി സംഘം പേര് ചോദിച്ച ശേഷമാണ് ആക്രമിച്ചത്. സൈക്കിളില്‍ നിന്നും തള്ളിയിട്ട ഹുസൈനെ ആക്രമിക്കുകയും പൈസയും മറ്റും കവരുകയും ചെയ്തു. പിന്നീട് കൈകാലുകള്‍ കെട്ടി ഒരു മുറിയില്‍ കൊണ്ടുപോയും ആക്രമിച്ചു. പാന്റ് ഊരിയ ശേഷം സ്വകാര്യ ഭാഗങ്ങളും പരിശോധിച്ചു. ഇരുമ്പു വടി ചൂടാക്കി ശരീരത്തില്‍ അമര്‍ത്തുകയും ചെയ്തു. വിരലുകളും മറ്റും കൈകളും ഒടിച്ചു. പ്ലയര്‍ ഉപയോഗിച്ച് ചെവിയും മുറിച്ചു. മതപരമായ കാരണത്താലാണ് ഹുസൈനെ അക്രമികള്‍ കൊല ചെയ്തതെന്ന് ഭാര്യ ശബ്‌നം പ്രവീണ്‍ പറഞ്ഞു. ഡിസംബര്‍ ആറിന് പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ സോനുകുമാര്‍, സച്ചിന്‍ കുമാര്‍, ശ്രീകുമാര്‍, എന്നിവരെ അറസ്റ്റ് ചെയ്തതായി റോഹ് എസ്എച്ചഒ രഞ്ജന്‍ കുമാര്‍ പറഞ്ഞു.