കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ കുടുംബം ബംഗ്ലാദേശികളാണെന്ന് ഹിന്ദുത്വ സംഘം, പൗരത്വ രേഖ ചോദിച്ച് വീടുകയറി ആക്രമിച്ചു

Update: 2025-07-30 14:40 GMT

പൂനെ: 130 വര്‍ഷം സൈനിക പാരമ്പര്യമുള്ള കുടുംബം ബംഗ്ലാദേശികളാണെന്ന് ആരോപിച്ച് ഹിന്ദുത്വ ആക്രമണം. ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ ഹവീല്‍ദാറായി സേവനം അനുഷ്ടിച്ചയാളുടെ തലമുറയിലെ ഷംഷാദ് ശെയ്ഖിന്റെ ചന്ദന്‍നഗറിലുള്ള വീട്ടിലെത്തിയാണ് ഹിന്ദുത്വ സംഘം തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചത്. 60-70 ഹിന്ദുത്വരുടെ ഒപ്പം മഫ്തിയിലുള്ള രണ്ടുപോലിസുകാരുമുണ്ടായിരുന്നു. ജയ് ശ്രീറാം വിളിച്ചെത്തിയ ഹിന്ദുത്വ സംഘത്തിന്റെ അക്രമത്തെ പോലിസുകാര്‍ തടഞ്ഞതുമില്ല. വീട്ടില്‍ ബംഗ്ലാദേശികളാണ് താമസിക്കുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് പോലിസ് ന്യായീകരിച്ചു. സംഭവത്തില്‍ ഷംഷാദും പോലിസില്‍ പരാതി നല്‍കി. ഷംഷാദിന്റെ അമ്മാവന്‍ ഹക്കീമുദ്ദീന്‍ പാകിസ്താനെതിരായ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തയാളാണ്.

ജൂലൈ 26ന് രാത്രി 11.30-12 മണിക്കാണ് ആള്‍ക്കൂട്ടം വീട്ടിലെത്തിയതെന്ന് ഷംഷാദിന്റെ പരാതി പറയുന്നു. വാതില്‍ ചവിട്ടിത്തുറന്ന സംഘം തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചു. വീട്ടിലെ മുറികളിലും ബാത്ത്‌റൂമുകളിലും അവര്‍ പരിശോധന നടത്തി. ഉറങ്ങിക്കിടന്ന സ്ത്രീകളെയും കുട്ടികളെയും ഉണര്‍ത്തി ഭീഷണിപ്പെടുത്തി. കാണിച്ച രേഖകളെല്ലാം വ്യാജമാണെന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് പോലിസ് വാഹനത്തില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെ വന്നില്ലെങ്കില്‍ ബംഗ്ലാദേശികളായി പ്രഖ്യാപിക്കുമെന്നാണ് ഇന്‍സ്‌പെക്ടര്‍ സീമ ധാക്‌നെ പറഞ്ഞതത്രെ.

'' ബ്രിട്ടീഷുകാരുടെ കാലത്തും ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങള്‍ സൈനികരായിരുന്നു. മുതുമുത്തഛന്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ഹവീല്‍ദാര്‍ ആയിരുന്നു. മുത്തഛന്‍ സുബേദാര്‍ ആയിരുന്നു. മുത്തഛന്റെ സഹോദരന്‍ മധ്യപ്രദേശ് ഡിജിപി ആയിരുന്നു. രണ്ടു അമ്മാവന്‍മാര്‍ സുബേദാര്‍ റാങ്കുള്ളവര്‍ ആയിരുന്നു. ഒരു അമ്മാവന്‍ 1962, 1965, 1971 യുദ്ധങ്ങളില്‍ പോരാടി. മറ്റൊരു അമ്മാവന്‍ 1968, 1971 യുദ്ധങ്ങളില്‍ പങ്കെടുത്തു. എന്റെ സ്വന്തം സഹോദരന്‍ ഹക്കീമുദ്ദീന്‍ 1982ല്‍ സൈന്യത്തില്‍ ചേര്‍ന്നു. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തു. 2000ത്തില്‍ വിരമിച്ചു.''-ഷംഷാദ് പറഞ്ഞു.


രാജ്യത്തിന്റെ എല്ലാ വശത്തുള്ള ശത്രുക്കളുമായും പോരാടിയവരാണ് തന്റെ കുടുംബത്തിലെ അംഗങ്ങളെന്ന് അദ്ദേഹം പറയുന്നു. ''പാകിസ്താന്‍, ചൈന എന്നിവര്‍ക്കെതിരെ അവര്‍ യുദ്ധം ചെയ്തു. 1971ലെ യുദ്ധത്തില്‍ ബോംബ് പൊട്ടി അമ്മാവന് പരിക്കേറ്റു. ഇതെല്ലാം ചെയ്തിട്ടും ഇപ്പോള്‍ പൗരത്വ രേഖ ചോദിക്കുകയാണ്. കഴിഞ്ഞ 64 വര്‍ഷമായി ഞാന്‍ പൂനെയിലാണ് ജീവിക്കുന്നത്. രാത്രി എത്തിയാണ് ആള്‍ക്കൂട്ടം അഞ്ചുവയസുള്ള കുട്ടിയെ ഉണര്‍ത്തിയത്. പുലര്‍ച്ചെ രണ്ടു മണിക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ ഗുണ്ടകളോ മാഫിയകളോ മറ്റേതെങ്കിലും നിയമപ്രകാരമുള്ള കേസിലെ പ്രതികളോ അല്ല.''-ഷംഷാദ് വിശദീകരിച്ചു.