ധര്‍മസ്ഥയിലെ കൂട്ടക്കൊലപാതകങ്ങള്‍: 22 വര്‍ഷം മുമ്പ് കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ തേടി അമ്മ

Update: 2025-07-16 12:28 GMT

ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നും 22 വര്‍ഷം മുമ്പ് കാണാതായ മകളെ തേടി അമ്മ പോലിസില്‍ പരാതി നല്‍കി. ധര്‍മസ്ഥലയിലെ ക്ഷേത്രത്തിന് സമീപം നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന അനന്യ ഭട്ടിനെ(20)യാണ് 22 വര്‍ഷം മുമ്പ് കാണാതായിരുന്നത്. അക്കാലത്ത് ബെല്‍ത്തങ്ങാടി പോലിസില്‍ പരാതി നല്‍കിയിട്ടും അവര്‍ അന്വേഷിച്ചില്ലെന്ന് അമ്മയായ സുജാത ഭട്ട്(60) ദക്ഷിണ കന്നഡ എസ്പിക്ക് നല്‍കിയ പരാതി പറയുന്നു.

2003ലാണ് ധര്‍മസ്ഥലയിലെ വിവാദക്ഷേത്രത്തില്‍ അനന്യ ഭട്ടും മറ്റു രണ്ടു സുഹൃത്തുക്കളും എത്തിയിരുന്നത്. ക്ഷേത്ര വളപ്പില്‍ വച്ചാണ് അനന്യയെ കാണാതായത്. ബെല്‍ത്തങ്ങാടി പോലിസ് അന്ന് കേസ് അന്വേഷിക്കാന്‍ തയ്യാറായില്ല. മകള്‍ ആരുടെയെങ്കിലും കൂടെ പോയിക്കാണുമെന്നാണ് പോലിസ് പറഞ്ഞതെന്നും പരാതി സ്വീകരിച്ചില്ലെന്നും സുജാത ഭട്ട് പറയുന്നു.

അതിന് ശേഷം ധര്‍മസ്ഥല ക്ഷേത്രത്തിന്റെ ധര്‍മാധികാരി ഡോ. ഡി വീരേന്ദ്ര ഹെഗ്ഗഡെയെ കണ്ടു പരാതി നല്‍കി. അന്ന് രാത്രി ക്ഷേത്രത്തിന് സമീപം ഇരിക്കുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച ചിലര്‍ മകളെ കുറിച്ചുള്ള വിവരങ്ങള്‍ പറയാമെന്ന് പറഞ്ഞ് സുജാതയെ കൂട്ടിക്കൊണ്ടുപോയി. ക്ഷേത്രത്തിലെ ഒരു മുറിയില്‍ പൂട്ടിയിടുകയാണ് അവര്‍ ചെയ്തത്. തലയ്ക്ക് അടിയേറ്റ ശേഷം മൂന്നു മാസം കോമയില്‍ കഴിഞ്ഞ ശേഷമാണ് സുജാതയ്ക്ക് ബോധം തിരികെ കിട്ടിയത്.

കര്‍ണാടക ഹൈക്കോടതി അഭിഭാഷകനായ എന്‍ മഞ്ജുനാഥുമൊത്താണ് സുജാത പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. കണ്ടെത്തുന്ന അസ്ഥിക്കൂടങ്ങളെ ഡിഎന്‍എ പരിശോധന നടത്തണമെന്നും അമ്മ ആവശ്യപ്പെടുന്നുണ്ട്. ഹിന്ദു ആചാരപ്രകാരം ചടങ്ങുകള്‍ നടത്തുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും ആരോടും ഒന്നും ചോദിക്കാനും പറയാനില്ലെന്നും അവര്‍ പറഞ്ഞു.

ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കുഴിച്ചിടേണ്ടി വന്നുവെന്നാണ് മുന്‍ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നത്. തനിക്ക് സംരക്ഷണം നല്‍കുകയാണെങ്കില്‍ എല്ലാ വിവരവും വെളിപ്പെടുത്താമെന്നും മനസാക്ഷിക്കുത്തു കൊണ്ടാണ് ഇപ്പോള്‍ എല്ലാം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അയാള്‍ക്ക് പോലിസ് സാക്ഷീ സംരക്ഷണം നല്‍കിയിട്ടുണ്ട്. മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുമുണ്ട്. കോടതിയില്‍ വരുമ്പോള്‍ ഒരു അസ്ഥിക്കൂടവുമായാണ് ഇയാള്‍ എത്തിയിരുന്നത്. പോലിസ് അതിനെ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.