കാസര്‍കോട്: മണ്ടേക്കാപ്പില്‍ 26 ദിവസം മുമ്പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും 42കാരനായ അയല്‍വാസിയും തൂങ്ങി മരിച്ചനിലയില്‍. കാസര്‍കോട് പൈവളിഗ സ്വദേശി ശ്രേയ (15), അയല്‍വാസി പ്രദീപ് (42) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണു വീടിനു സമീപത്തെ തോട്ടത്തില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് പോലിസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഇന്നു വ്യാപക തിരച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ക്ക് പഴക്കമുണ്ടെന്നാണു പോലിസ് പറയുന്നത്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റും.
ഫെബ്രുവരി 12ന് പുലര്‍ച്ചെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. ശ്രേയയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി.
പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പ്രദീപ്. ഇയാളുടെ ഫോണും 12ാം തിയതിമുതല്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇയാള്‍ ഓട്ടോറിക്ഷാ െ്രെഡവറാണ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.