ന്യൂനപക്ഷ ക്ഷേമ ഫണ്ട്: ബജറ്റ് വിഹിതം 105.63 കോടി; ചിലവഴിച്ചത് 24.09 കോടി മാത്രം
തിരുവനന്തപുരം: സംസ്ഥാനം ന്യൂനപക്ഷ ക്ഷേമത്തിനായി വകയിരുത്തിയ ഫണ്ടില്‍ ഭൂരിഭാഗവും ചിലവഴിച്ചിട്ടില്ലെന്ന് കണക്കുകള്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴും ന്യൂനപക്ഷ ക്ഷേമ ഫണ്ടില്‍ നിന്നും 22.8 ശതമാനം മാത്രമാണ് ചിലവഴിച്ചിട്ടുള്ളത്.
2025-26 വര്‍ഷം ന്യൂനപക്ഷ ക്ഷേമവകുപ്പിന് 105.63 കോടി രൂപയാണ് ബജറ്റില്‍ പദ്ധതിയിനത്തില്‍ വകയിരുത്തിയത്. ഫെബ്രുവരി ആദ്യവാരം വരെ ചെലവിട്ടത് 24.09 കോടി രൂപ മാത്രം.
സാമ്പത്തിക വര്‍ഷം ഒന്നര മാസം മാത്രം അവശേഷിക്കെ ആഞ്ഞുപിടിച്ചാലും 50 ശതമാനം പോലും ചെലവഴിക്കാന്‍ കഴിയില്ലെന്ന് വ്യക്തം. ഇതിനിടയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടി വരുന്നതും ഫണ്ട് ചെലവഴിക്കുന്നതിന് വെല്ലുവിളിയാകും.
നിയമസഭയില്‍ കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍, ടി വി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, ടി സിദ്ദീഖ്, പി ഉബൈദുല്ല എന്നിവര്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് മന്ത്രി വി അബ്ദുറഹിമാന്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പദ്ധതി വെട്ടിക്കുറക്കുന്നത് കാരണം ബജറ്റില്‍ വകയിരുത്തുന്ന തുകയുടെ പകുതി പോലും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചെലവഴിച്ചിട്ടില്ല.
മദര്‍ തെരേസ സ്‌കോളര്‍ഷിപ്, എപിജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്, സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്, പ്രീമാരിറ്റല്‍ കൗണ്‍സലിങ്, ന്യൂനപക്ഷ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനം, വിധവകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതി തുടങ്ങിയവക്ക് ലക്ഷക്കണക്കിന് രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഒരു രൂപ പോലും ചെലവിട്ടിട്ടില്ലെന്ന് മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു.
പല സ്‌കോളര്‍ഷിപ്പുകള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും തുക വിനിയോഗിച്ചിട്ടില്ല. ഫെബ്രുവരി ആദ്യവാരം സ്‌കോളര്‍ഷിപ് തുക വിതരണം ചെയ്യുമെന്നാണ് മന്ത്രിയുടെ മറുപടിയില്‍ പറയുന്നത്.
