തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് പിടിച്ചത് ഇടതുപക്ഷമാണെന്നും ന്യൂനപക്ഷ സംരക്ഷണം ഏതെങ്കിലും തിരഞ്ഞെടുപ്പ് ഫലംകൊണ്ട് അളക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്ത വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. രാജ്യത്ത് ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും മാതൃഭാഷ സംസാരിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നു. ഇവയ്ക്ക് നേരെ കണ്ണടയ്ക്കുന്ന കൂട്ടരുണ്ട്. ഇതിനെതിരെ നിലപാട് സ്വീകരിക്കുന്ന കൂട്ടരുമുണ്ട്. അവ ഏതൊക്കെയെന്ന് തിരിച്ചറിയാന്‍ സമസ്തയെ പോലുള്ള സംഘടനയ്ക്ക് കഴിയണം. മതനിരപേക്ഷ വേഷം ധരിച്ച് മതേതര വിരുദ്ധര്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥയുണ്ട്. അവരെ തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്. ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ന്നുവരുമ്പോള്‍ ന്യൂനപക്ഷ വര്‍ഗീയതകൊണ്ട് അതിനെ ചെറുക്കാം എന്ന് കരുതന്നവരോടും വിട്ടുവീഴ്ച ചെയ്യരുത്. ഏത് വര്‍ഗീയതയും നാടിന് ആപത്ത് മാത്രമേ വരുത്തുകയുള്ളൂ. വര്‍ഗീയതയോടുള്ള വിമര്‍ശനം ഏതെങ്കിലും മതവിഭാഗത്തിനോടുള്ള വിമര്‍ശനമല്ല. ഭൂരിപക്ഷ വര്‍ഗീയതയെ വിമര്‍ശിക്കുന്ന ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട മതത്തെയല്ല. ന്യൂനപക്ഷ വര്‍ഗീയതയെ വിമര്‍ശിക്കുമ്പോള്‍ ന്യൂനപക്ഷ മതങ്ങളേയോ അതുമായി ബന്ധപ്പെട്ടവരെയോ അല്ല വിമര്‍ശിക്കുന്നത്. രണ്ട് വര്‍ഗീയതയും പരസ്പര പൂരകങ്ങളാണ്. അത് തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയണം. മതവിശ്വാസവും വര്‍ഗീയതയും രണ്ട് വിരുദ്ധ ധ്രുവങ്ങളാണ്. വര്‍ഗീയതയോടുള്ള വിമര്‍ശനം മതവിശ്വാസികളോടുള്ള വിമര്‍ശനമായി ഉയര്‍ത്തിക്കാട്ടുന്നത് വര്‍ഗീയവാദികളുടെ ആവശ്യമാണ്. അവര്‍ക്ക് അതിന്റെ മറവില്‍ രക്ഷപ്പെടാനാണ്. സമസ്ത അതിന് അനുവദിക്കരുത്. സത്യമാണെന്ന് തോന്നുന്ന രീതിയില്‍ നുണ നല്ല രീതിയില്‍ പ്രചരിപ്പിക്കുക എന്നതാണ് എല്ലാ വര്‍ഗീയവാദികളുടേയും പ്രത്യേക സ്വഭാവം. വര്‍ഗീയ സംഘടനകള്‍ക്ക് അതിന് പ്രത്യേക പരിശീലനവുമുണ്ട്. നുണ പ്രചാരണത്തില്‍ പ്രൊഫഷണലുകളെ സൃഷ്ടിക്കാന്‍ വര്‍ഗീയ സംഘടനകള്‍ക്ക് കഴിയുന്നുവെന്നതും നാം കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.