എമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ വെടിവച്ച് കൊന്ന് ട്രംപിന്റെ ഉദ്യോഗസ്ഥര്‍(വീഡിയോ)
വാഷിങ്ടണ്‍: യുഎസിലെ മിനിയപൊലിസില്‍ 37കാരനെ വെടിവച്ച് കൊന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍. നഴ്‌സായി ജോലി ചെയ്യുന്ന അലക്‌സ് പ്രെറ്റി എന്നയാളെയാണ് ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നത്. അലക്‌സിന്റെ കൈവശമുണ്ടായിരുന്ന ലൈസന്‍സുള്ള തോക്ക് പിടിച്ചുപറിച്ച ശേഷമാണ് തെരുവിലിട്ട് അയാളെ വെടിവച്ചു കൊന്നത്. ഒരു സ്ത്രീയെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ അലക്‌സിനെയും ആക്രമിച്ചത്.
രണ്ടാഴ്ച മുന്‍പ് ഇതേ സ്ഥലത്തിന് സമീപം യുഎസ് പൗരത്വമുള്ള റെനെ നിക്കോള്‍ ഗുഡ് എന്ന യുവതി എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഈ സംഭവം നഗരത്തില്‍ വലിയ സംഘര്‍ഷത്തിന് കാരണമായി. മിന്നസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് വെടിവെപ്പിനെ ഭീകരം എന്ന് വിശേഷിപ്പിച്ചു. ഫെഡറല്‍ സര്‍ക്കാരുമായി സംസാരിച്ചതായും സംസ്ഥാനത്തെ ഫെഡറല്‍ കുടിയേറ്റ നിരോധനം അവസാനിപ്പിക്കാന്‍ ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. അലക്‌സിന്റെ കൈവശം തോക്കുണ്ടായിരുന്നതായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചു. എന്നാല്‍, യുഎസ് ഭരണഘടനയുടെ രണ്ടാം ഭേദഗതി (1791) പ്രകാരം പൗരന്‍മാര്‍ക്ക് ആയുധം സൂക്ഷിക്കാന്‍ അവകാശമുണ്ട്. ഭരണഘടനാ അവകാശപ്രകാരം അലക്‌സ് സൂക്ഷിച്ച തോക്ക് പിടിച്ചുവാങ്ങി നിരായുധനാക്കിയ ശേഷമാണ് അലക്‌സിനെ വെടിവച്ച് കൊന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സത്യം പുറത്തുവരണമെന്ന് അലക്‌സിന്റെ കുടുംബം ആവശ്യപ്പെട്ടു.