മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, കൈയിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു
കുട്ടനാട്: പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി ശ്രീനിവാസന്‍ (29) ആണ് മരിച്ചത്. പാടത്ത് ക്രിക്കറ്റ് കളിക്കുമ്പോളായിരുന്നു മിന്നലേറ്റത്. ഒപ്പം കളിക്കാനുണ്ടായിരുന്ന ശരണ്‍ എന്ന യുവാവിനാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. എടത്വാ പുത്തന്‍വരമ്പിനകം പാടത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖില്‍. കളിക്കുന്നതിനിടെ കോള്‍ വന്നു. ഫോണെടുത്ത് സംസാരിക്കവേയാണ് മിന്നലുണ്ടായി ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരണിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതര്‍ അറിയിച്ചു.