കണ്ണൂര്‍: കെഎസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് ആശുപത്രി വിട്ടത്. മന്ത്രി പത്തനംതിട്ടയിലെ വീട്ടിലേക്ക് തിരിച്ചു. ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.
അതേസമയം, മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വെ പോലിസ് കോടതിയില്‍ സമര്‍പ്പിച്ചേക്കും. ദൃശ്യങ്ങള്‍ പരസ്യപ്പെടുത്താന്‍ കോണ്‍ഗ്രസും നീക്കം ആരംഭിച്ചിട്ടുണ്ട്.
പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടും വിദഗ്ധ ഡോക്ടര്‍മാരും അടങ്ങിയ സംഘമാണ് ഇന്നലെ ആരോഗ്യ മന്ത്രിയെ പരിശോധിച്ചത്. എംആര്‍ ഐ പരിശോധനയില്‍ കഴുത്തിന് ക്ഷതമുണ്ടായ കാര്യം സ്ഥിരീകരിച്ചിരുന്നു. ഈ ക്ഷതം കാരണമാണ് വേദന അനുഭവപ്പെടുന്നതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
കരിങ്കൊടി കാണിക്കുന്നതിന്റെ മറവില്‍ കെഎസ് യു പ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിചെന്ന ആരോപണത്തില്‍ മന്ത്രിയും സിപിഎമ്മും ഉറച്ചുനില്‍ക്കുന്നുണ്ട്. അക്രമം നടന്നോ എന്ന കാര്യം നിലവിലെ ദൃശ്യങ്ങളില്‍ നിന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ റയില്‍വെ പോലിസിന് സാധിച്ചിട്ടില്ല.