''വലിയ കുപ്പായക്കാര്‍ ചെറിയ കുപ്പായക്കാരെ അവമതിക്കുന്ന അവസ്ഥയാണ് കാണുന്നത്: ഹിജാബ് വിഷയത്തില്‍ മന്ത്രി വി അബ്ദു റഹ്മാന്‍

Update: 2025-10-18 06:31 GMT

മലപ്പുറം: ഭരണഘടന അനുവദിക്കുന്ന മതപരമായ അവകാശങ്ങള്‍ ഹനിക്കാന്‍ കേരളത്തിലെ മതസംഘടനകളെയോ ചൂഷണം തൊഴിലാക്കിയ വിഭാഗങ്ങളെയോ അനുവദിക്കില്ലെന്ന് ഹജ്ജ്-കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. ഇന്നുരാവിലെ നിറമരുതൂര്‍ പഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.


എറണാകുളത്തെ മഫ്ത വിവാദം എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഇരിക്കാന്‍ ഇന്ത്യയില്‍ കേരളത്തിലല്ലാതെ മറ്റൊരു ഇടത്തും സാധിക്കുകയില്ല. തിരുവസ്ത്രം ധരിക്കുന്നവര്‍ കേരളത്തിന് പുറത്തു പോകുമ്പോള്‍ ബാഗില്‍ പോലും ഈ വസ്ത്രം ഊരിവെക്കാന്‍ ധൈര്യപ്പെടാറില്ല. അവര്‍ വസ്ത്രം ഊരി മറ്റു വസ്ത്രങ്ങള്‍ ധരിച്ച് ശിരോവസ്ത്രം എവിടെയെങ്കിലും കളയുകയാണ് പതിവ്. വലിയ കുപ്പായക്കാര്‍ ചെറിയ കുപ്പായക്കാരെ അവമതിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. അതാണ് എറണാകുളത്തും സംഭവിച്ചത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ഭരണഘടന എല്ലാവര്‍ക്കും നല്‍കുന്ന അവകാശങ്ങള്‍ എല്ലാവരും പാലിക്കണം. കഴിഞ്ഞ 9 വര്‍ഷമായി കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഇല്ല. ഭരണഘടനാപരമായ അവകാശങ്ങള്‍ ചോദിക്കുന്നവരെ ഇല്ലാതാക്കുന്ന മത സംഘടനകളെ നിയന്ത്രിക്കുക തന്നെ ചെയ്യും. ഈ വിവാദങ്ങള്‍ കേരളത്തിന്റെ വികസനത്തെ ബാധിക്കുകയില്ലെന്നും ജനങ്ങള്‍ ഒറ്റക്കെട്ടായി നാടിന്റെ വികസനത്തിനു വേണ്ടി കൈകോര്‍ത്തിരിക്കുകയാണെന്നും വി അബ്ദുറഹിമാന്‍ പറഞ്ഞു.