പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനം; മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല, മുഖ്യമന്ത്രി ബഹിഷ്‌കരിക്കും

Update: 2026-03-11 04:04 GMT

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല. ഇന്ന് കൊച്ചിയിലാണ് ചടങ്ങ്. ദേശീയപാത 66ലെ തലപ്പാടി-ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളം-രാമനാട്ടുകര ആറുവരിപ്പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം.

ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമായ മര്യാദയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

'സാധാരണ ഇത്തരം പരിപാടികള്‍ക്കൊക്കെ നിധിന്‍ ഗഡ്കരിയുടെ ഓഫിസില്‍ നിന്ന് അറിയിപ്പ് വരാറുണ്ട്. ഇത് കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണ്. ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയാണോ?. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ അടക്കം ക്ഷണിച്ചിരിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പരിപാടികളിലേക്ക് വിളിക്കുന്നതില്‍ എന്താണിത്ര പ്രശ്നം? ഇതെല്ലാം ജനാധിപത്യത്തിലെ മര്യാദയാണ്. ഇത്തരത്തില്‍ അവഗണിച്ചതുകൊണ്ട് മാത്രം അവരുടെ രാഷ്ട്രീയതന്ത്രം ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കരുതേണ്ടതില്ല'. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ദേശീയപാത വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനായി അയ്യായിരത്തോളം കോടി രൂപ കിഫ്ബിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 22 റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട രണ്ട് റോഡുകളുടെ ഉദ്ഘാടനത്തിലേക്കാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ അവഗണിച്ചത്. മുഖ്യമന്ത്രിയും പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കും. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി കൃഷ്ണന്‍കുട്ടിക്കും രാജേഷിനുമാണ് പരിപാടിയില്‍ ക്ഷണമുള്ളത്.