അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം: നടക്കുന്നത് വ്യാജ പ്രചാരണങ്ങളെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍

Update: 2025-08-09 16:24 GMT

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയും ദുരുദ്ദേശത്തോടെയും ഉള്ളതാണെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍.

തങ്ങളുടെ ദേശീയ ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് വരില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതുവരെ അറിയിച്ചിട്ടില്ല. കരാര്‍ പ്രകാരം 2025 ഓക്ടോബറിലാണ് ടീം എത്തേണ്ടത്. സര്‍ക്കാര്‍ നിശ്ചയിച്ച സ്‌പോണ്‍സര്‍ റിസര്‍വ് ബാങ്ക് അനുമതിയോടെ മാച്ച് ഫീ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) കൈമാറിയതായി അറിയിച്ചിട്ടുമുണ്ട്. സന്ദര്‍ശനം 2026 ലേക്ക് മാറ്റണമെന്ന പുതിയ ആവശ്യം എഎഫ്എ മുന്നോട്ടുവെച്ചു. അതു സമ്മതമല്ലെന്ന് അവരെ അറിയിച്ചിട്ടുണ്ട്.

മെസിയെയും സംഘത്തെയും കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ ചിലവഴിക്കുന്നു എന്നതായിരുന്നു ആദ്യം ഉയര്‍ത്തിയ ആരോപണം. എന്നാല്‍, സര്‍ക്കാരിന്റെ ചെലവിലല്ല ടീം വരുന്നതെന്ന് വ്യക്തമായപ്പോള്‍ മന്ത്രി വിദേശത്തു പോകാന്‍ 13 ലക്ഷം രൂപ ചിലവഴിച്ചു എന്നായി പ്രചാരണം. കേന്ദ്ര കായിക, വിദേശ, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്.

എഎഫ്എ ഭാരവാഹികളുമായി ഓണ്‍ലൈനായി നടന്ന ആശയവിനിമയങ്ങളെ തുടര്‍ന്നാണ് സ്‌പെയ്‌നിലെ മാഡ്രിഡില്‍ വെച്ച് അവരുമായി ചര്‍ച്ച നടത്തിയത്. ഈ സന്ദര്‍ശനത്തെ തുടര്‍ന്നാണ് എഎഫ്എയും സ്‌പോണ്‍സറും കരാറില്‍ ഏര്‍പ്പെട്ടത്. അര്‍ജന്റീന സോക്കര്‍ സ്‌കൂളുകള്‍ കേരളത്തില്‍ തുടങ്ങുക, കായികപരിശീലന അക്കാദമികള്‍ ആരംഭിക്കുക, നമ്മുടെ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി പരിഗണനയിലാണ്. കേരളത്തെ ഒരു ആഗോള ഫുട്‌ബോള്‍ ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഫുട്‌ബോള്‍ രംഗത്ത് 5 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഗോള്‍ പദ്ധതി ആരംഭിച്ചു. വനിതകള്‍ക്കായി 2 അക്കാദമികള്‍ ഉള്‍പ്പെടെ സര്‍ക്കാരിനു കീഴില്‍ 3 ഫുട്‌ബോള്‍ അക്കാദമികള്‍ ആരംഭിച്ചു. ഈ രംഗത്ത് കൂടുതല്‍ വികസനത്തിന് വിദേശ സഹകരണം ആവശ്യമാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പത്തോളം അക്കാദമികളില്‍ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.