മിഹിറിന്റെ മരണം: സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും ക്ലാസ് ടീച്ചറുടെയും മൊഴിയെടുത്തു
തൃപ്പൂണിത്തുറ: സ്‌കൂളിലെ റാഗിങിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ഫ്ളാറ്റില്‍ നിന്നും ചാടി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അടക്കം നിരവധി പേരുടെ മൊഴി പോലിസ് രേഖപ്പെടുത്തി. മിഹിറിന്റെ ക്ലാസ് ടീച്ചറുടെയും ഏതാനും കുട്ടികളുടെയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാനും ഫോണുകളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയിലെ വിവരങ്ങള്‍ പരിശോധിച്ച് വരുകയാണ്.
മിഹിറിന്റെ മാതാവ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലില്‍ അടങ്ങിയ കാര്യങ്ങളടക്കം പോലിസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് മാനസികമായി വല്ലാതെ വിഷമത്തിലായിരിക്കുന്ന വീട്ടുകാര്‍ ഇപ്പോള്‍ കോഴിക്കോട്ടെ തറവാട്ടുവീട്ടിലാണ്. മിഹിറിന്റെ മരണത്തിന് പിന്നാലെ 'ജസ്റ്റിസ് ഫോര്‍ മിഹിര്‍' എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജ് പ്രത്യക്ഷപ്പെട്ടിരുന്നു. മിഹിറിന്റെ ചില സുഹൃത്തുക്കള്‍ തുടങ്ങിയതാണ് ഈ പേജെന്നാണ് മാതാവിന്റെ പരാതിയിലുള്ളത്. ഇതിലെ ചാറ്റുകളില്‍ നിന്നാണ് മിഹിറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. ഇതിലെ ചില സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും കുടുംബം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രം പേജ് പിന്നീട് അപ്രത്യക്ഷമായി .
അതേസമയം, പോലിസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സ്‌കൂളില്‍നിന്നുള്ള സിസിടിവി. ദൃശ്യങ്ങളും രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.