ഇസ്രായേലി സൈബര്‍ യുദ്ധ ഏജന്‍സിക്ക് ക്ലൗഡ് സര്‍വീസ് വിലക്കി മൈക്രോസോഫ്റ്റ്
ന്യൂയോര്‍ക്ക്: വെസ്റ്റ്ബാങ്കിലെയും ഗസയിലേയും ഫലസ്തീനികളെ കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്ലൗഡ് സര്‍വീസ് ഉപയോഗിക്കാന്‍ ഇസ്രായേലി സൈന്യത്തെ അനുവദിക്കില്ലെന്ന് മൈക്രോസോഫ്റ്റ്. ഇസ്രായേലി സൈന്യത്തിന്റെ പ്രത്യേക സൈബര്‍ യുദ്ധ ഏജന്‍സിയായ യൂണിറ്റ് 8200നാണ് വിലക്ക്. മൈക്രോസോഫ്റ്റിന്റെ അസൂര്‍ എന്ന പ്ലാറ്റ്‌ഫോമില്‍ ഫലസ്തീനികളുടെ ദശലക്ഷക്കണക്കിന് മൊബൈല്‍ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഇത് ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ കഴിഞ്ഞ മാസം വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൈക്രോസോഫ്റ്റ് നടപടി. ഗസയില്‍ മാരകമായ വ്യോമാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ അറസ്റ്റ് ചെയ്യുന്നതിനും കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ഡാറ്റ ഉപയോഗിച്ചിട്ടുണ്ട്. ഗസയിലെ അധിനിവേശത്തിന് ശേഷം ഒരു പ്രധാന യുഎസ് ടെക് കമ്പനി ഇസ്രായേല്‍ സൈന്യത്തിന് അവരുടെ ഏതെങ്കിലും ഉല്‍പ്പന്നങ്ങളിലേക്കുള്ള പ്രവേശനം റദ്ദാക്കുന്നത് ഇതാദ്യമായാണ്. എന്നിരുന്നാലും, മൈക്രോസോഫ്റ്റ് ദീര്‍ഘകാല ക്ലയന്റുമാരായ മറ്റ് ഇസ്രായേലി സൈനിക യൂണിറ്റുകളുമായി പ്രവര്‍ത്തിക്കുന്നത് തുടരുന്നു.ജൂണിലെ യുദ്ധത്തില്‍ യൂണിറ്റ് 8200ല്‍ ഇറാന്‍ കനത്ത മിസൈല്‍ ആക്രമണം നടത്തിയിരുന്നു.