മെക്‌സിക്കോയിലെ ആദിവാസികളുടെ ചെരുപ്പ് കോപ്പിയടിച്ച് അഡിഡാസ്; നഷ്ടപരിഹാരം തേടി സര്‍ക്കാര്‍

Update: 2025-08-09 06:09 GMT

മെക്‌സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയിലെ ആദിവാസികളുടെ ചെരുപ്പിന്റെ മോഡല്‍ കോപ്പിയടിച്ച് ജര്‍മന്‍ കമ്പനിയായ അഡിഡാസ്. തദ്ദേശീയ ജനങ്ങളുടെ പകര്‍പ്പാവകാശം ലംഘിച്ച അഡിഡാസ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് മെക്‌സിക്കന്‍ സര്‍ക്കാര്‍ നോട്ടിസ് നല്‍കി. തെക്കന്‍ മെക്‌സിക്കോയിലെ ഓക്‌സാക്ക സംസ്ഥാനത്തെ വില്ലാ ഡി ഹിദാല്‍ഗോ യാല ലാഗ് ഗ്രാമത്തിലെ ആദിവാസികളാണ് പരമ്പരാഗതമായി ഈ മോഡല്‍ ചെരുപ്പ് നിര്‍മിച്ചിരുന്നത്. ഹുരാഷെ എന്നാണ് ഈ ചെരുപ്പുകള്‍ അറിയപ്പെട്ടിരുന്നത്.


എന്നാല്‍, കഴിഞ്ഞ ദിവസം അഡിഡാസ് കമ്പനി ഇറക്കിയ പുതിയ ചെരുപ്പ് മോഡല്‍ ഇതിന്റെ പകര്‍പ്പായിരുന്നു. വില്ലാ ഡി ഹിദാല്‍ഗോ യാല ലാഗിലെ ജനങ്ങളുടെ അനുമതിയില്ലാതെയാണ് അഡിഡാസ് പുതിയ മോഡല്‍ ഇറക്കിയതെന്ന് മെക്‌സിക്കന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മെക്‌സിക്കന്‍ പൈതൃക നിയമം കമ്പനി പാലിക്കണമെന്ന് പ്രസിഡന്റ് ക്ലൗഡിയ ശെയ്ന്‍ബോം ആവശ്യപ്പെട്ടു. മെക്‌സിക്കോയിലെ തദ്ദേശീയ ജനതയുടെ ഉല്‍പ്പന്നങ്ങളും ആശയങ്ങളും മാതൃകകളും കുത്തക കമ്പനികള്‍ പകര്‍ത്തി പകര്‍പ്പാവകാശം സ്വന്തമാക്കുകയാണെന്നും അവര്‍ പറഞ്ഞു. സംസ്‌കാരം വില്‍ക്കാനാവില്ലെന്നും അതിനെ ബഹുമാനിക്കുകയാണ് അഡിഡാസ് ചെയ്യേണ്ടതെന്നും ഓക്‌സാക്ക ഗവര്‍ണര്‍ ശ്ലേമോന്‍ യാത ക്രസ് പറഞ്ഞു.