സംഭവങ്ങളെയോ ഇന്ത്യയേയോ പരാമര്‍ശിക്കാതെ പാകിസ്താനെ പിന്തുണയ്ക്കുന്നത് രാജ്യദ്രോഹമല്ല: അലഹബാദ് ഹൈക്കോടതി

Update: 2025-07-11 04:52 GMT

അലഹബാദ്: സംഭവങ്ങളെ കുറിച്ചോ ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെയോ പാകിസ്താനെ പിന്തുണയ്ക്കുന്നത് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 152 പ്രകാരം പ്രഥമദൃഷ്ട്യാ കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍ക്ക് ശിക്ഷ നല്‍കുന്നതാണ് ഈ വകുപ്പ്. ഇന്‍സ്റ്റഗ്രാമില്‍ പാകിസ്താന്‍ അനുകൂല പോസ്റ്റിട്ടെന്ന് ആരോപിച്ച് ജയിലില്‍ അടച്ച റിയാസ് എന്ന പതിനെട്ടുകാരന് ജാമ്യം നല്‍കിയ വിധിയിലാണ് ജസ്റ്റിസ് അരുണ്‍ കുമാര്‍ സിങ് ദേശ്‌വാല്‍ ഇക്കാര്യം പറഞ്ഞത്.

റിയാസിന്റെ പോസ്റ്റ് ഇന്ത്യയെ താഴ്ത്തിക്കെട്ടുന്നതല്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. ഇന്ത്യയുടെ പതാകയോ പേരോ പോസ്റ്റിലുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ രാജ്യദ്രോഹക്കുറ്റം ഈ കേസില്‍ നിലനില്‍ക്കില്ലെന്നും വാദിച്ചു. എന്നാല്‍, റിയാസിന്റെ പോസ്റ്റ് രാജ്യത്തെ കീറിമുറിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണെന്ന് സര്‍ക്കാര്‍ വാദിച്ചു. പക്ഷേ, ഈ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.