രാഷ്ട്രീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത യുവതിയെ നല്ലനടപ്പിന് ശിക്ഷിച്ച എസ്ഡിഎം ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: രാഷ്ട്രീയപ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് യുവതിയെ ഒരു വര്‍ഷം നല്ലനടപ്പിന് ശിക്ഷിച്ച സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മലപ്പുറം കോടൂര്‍ സ്വദേശിനിയായ എ ഷര്‍മിനക്കെതിരായ പെരിന്തല്‍ണ്ണ എസ്ഡിഎമ്മിന്റെ ഉത്തരവാണ് ജസ്റ്റിസ് വി ജി അരുണ്‍ റദ്ദാക്കിയിരിക്കുന്നത്. ഷര്‍മിന സ്ഥിരമായി സമരങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും മൂന്നു കേസുകള്‍ ഇവര്‍ക്കെതിരെയുണ്ടെന്നും പറഞ്ഞ് കൊളത്തൂര്‍ പോലിസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിഎം ഉത്തരവിറക്കിയത്. ഇതിനെ ചോദ്യം ചെയ്ത് ഷര്‍മിന നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
മാവോവാദി നേതാവെന്ന് ആരോപിച്ച് പോലിസ് വെടിവച്ചു കൊന്ന ഒരു സ്ത്രീയുടെ മരണവാര്‍ഷികത്തില്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തതിനാണ് തനിക്കെതിരെ ആദ്യമായി കേസെടുത്തതെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടി. ബാബരിയുടെ മണ്ണില്‍ മസ്ജിദാണ് നീതിയെന്ന് മുദ്രാവാക്യം വിളിച്ചതിനാണ് രണ്ടാം കേസ്. ഒരു എന്‍ഐഎ റെയ്ഡിന് എതിരെ പ്രകടനം നടത്തിയതിനാണ് മൂന്നാം കേസെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ അഭിപ്രായവും നിലപാടുകളും പങ്കുവച്ചതിനാണ് ഈ കേസുകളെല്ലാം എന്നും ഷര്‍മിന വാദിച്ചു.
എന്നാല്‍, മൂന്നു കേസുകളില്‍ പ്രതിയായ യുവതി ശാന്തിക്കും സമാധാനത്തിനും സ്ഥിരമായ ഭീഷണിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഈ വാദങ്ങള്‍ ഹൈക്കോടതി തള്ളി. പൊതു പ്രകടനങ്ങള്‍ നടത്തുന്നതിന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടിക്കാട്ടി ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം തടയാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. '' പ്രകടനങ്ങളില്‍ പങ്കെടുക്കുന്നതിനെയും ബാനറുകള്‍ പിടിക്കുന്നതിനെയും മുദ്രാവാക്യം വിളിക്കുന്നതിനെയും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 19ാം അനുഛേദത്തിന്റെ ലംഘനമായി കാണാനാവില്ല. സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാനും സംഘടനകള്‍ ഉണ്ടാക്കാനും ഭരണഘടന പൗരന്‍മാര്‍ക്ക് അവകാശം നല്‍കുന്നുണ്ട്. ...ഇവിടെ പോലിസ് റിപോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് തെറ്റാണ്.''-കോടതി പറഞ്ഞു.
