ശാരീരിക ബന്ധം ആരോപിച്ചത് കൊണ്ടുമാത്രം ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ല: ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ശാരീരികബന്ധം ആരോപിച്ചത് കൊണ്ടുമാത്രം ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പീഡനത്തിന് മതിയായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കണമെന്നും, വിചാരണക്കോടതി പത്തുവര്‍ഷം തടവിന് ശിക്ഷിച്ച യുവാവിനെ വെറുതെവിട്ട് ജസ്റ്റിസ് മനോജ് കുമാര്‍ ഒഹ്‌രി പറഞ്ഞു. 2013ല്‍ വീട്ടിലെത്തിയ യുവാവ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയെന്നുമായിരുന്നു കേസ്. മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി വിഷം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് പോലിസില്‍ പരാതി നല്‍കിയത്. വിചാരണക്കോടതി യുവാവിനെ പത്തുവര്‍ഷം കഠിനതടവിനാണ് ശിക്ഷിച്ചത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പെണ്‍കുട്ടിയുടെ മൊഴിക്ക് പ്രത്യേകം തൂക്കം നല്‍കിയായിരുന്നു ശിക്ഷ. എന്നാല്‍, പരാതി നല്‍കാന്‍ പെണ്‍കുട്ടിയും കുടുംബവും ഒന്നരവര്‍ഷം വൈകിയെന്ന് അപ്പീലില്‍ പ്രതി വാദിച്ചു. ശാരീരികബന്ധം എന്നല്ലാതെ എന്താണ് സംഭവമെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പീഡനം തെളിയിക്കാന്‍ കഴിയുന്ന ശാസ്ത്രീയ തെളിവുകള്‍ ഒന്നുമില്ലെന്ന് കോടതിയും നിരീക്ഷിച്ചു. തുടര്‍ന്നാണ് യുവാവിനെ വെറുതെവിട്ടത്.