
തൃശൂര്‍: പുരുഷാവകാശ കമ്മീഷന്‍ രൂപീകരിക്കണമെന്നാവശ്യപ്പെടുന്ന മോട്ടോര്‍ സൈക്കിള്‍ റാലി തൃശൂരില്‍ ഫ്ളാഗ് ഓഫ് ചെയ്തു. സേവ് ഇന്ത്യന്‍ ഫാമിലി നടത്തുന്ന കാംപയിന്റെ ഭാഗമായാണ് മംഗളൂരുവിലേക്ക് റാലി. ഫരീദാബാദില്‍ മേയ് 30നാണ് റാലി ഉദ്ഘാടനം ചെയ്തത്. പുരുഷന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും പുരുഷന്‍മാര്‍ക്ക് പരാതികള്‍ ബോധിപ്പിക്കാനുള്ള സംവിധാനം വേണമെന്നുമാണ് ആവശ്യം.
ഇന്ന് രാവിലെ എട്ടുമണിക്ക് അയ്യന്തോളിലെ അമര്‍ജവാന്‍ സ്‌ക്വയറില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യപ്പെട്ട മോട്ടര്‍സൈക്കിള്‍ റാലിയില്‍ മോട്ടോര്‍സൈക്കിള്‍ റൈഡേഴ്‌സും പുരുഷാവകാശ സംരക്ഷണ സമിതി, മെന്‍സ് റൈറ്റ് ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തകരും സംബന്ധിച്ചു. പ്രമുഖ റൈഡര്‍ അംജദ് ഖാന്‍, പി ആര്‍ ഗോകുല്‍, സി സി ആന്റണി, ജോയ് അറയ്ക്കല്‍, ഗിരീഷ് കര്‍ത്താ എന്നിവര്‍ റാലിയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു. ഗാര്‍ഹിക പ്രശ്‌നങ്ങള്‍ മൂലം ഇന്ത്യയില്‍ നാലര മിനുട്ടില്‍ ഒരു പുരുഷന്‍ ആത്മഹത്യ ചെയ്യുന്നതായി പുരുഷാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി ആര്‍ ഗോകുല്‍ ചൂണ്ടിക്കാട്ടി.ഗാര്‍ഹിക പീഡനത്തിനും ലിംഗപരമായ മറ്റു പീഡനങ്ങള്‍ക്കും ഇരയാവുന്ന പുരുഷന്‍മാര്‍ക്ക് അഖിലേന്ത്യ ഹെല്‍പ്പ് ലൈന്‍ ആയ 8882 498498 ല്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.