പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; പോലിസ് വാങ്ങി നല്‍കി

Update: 2025-04-07 12:52 GMT

കാസര്‍ഗോഡ്: പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. നീലേശ്വരം കിനാനൂര്‍ കരിന്തളം ഉമ്മച്ചിപള്ളത്തെ ശ്രീധരനാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴി കയറിയത്. തുടര്‍ന്ന് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം എസ്‌ഐ കെ വി പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ശ്രീധരന്റെ പ്രധാന ആവശ്യം. നാട്ടുകാരും പോലിസും പലയിടങ്ങളില്‍ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

ഇതിനിടയില്‍ എസ്‌ഐയും സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍ കാങ്കോല്‍, സജില്‍ കുമാര്‍, ഹോംഗാര്‍ഡ് ഗോപിനാഥന്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളില്‍ കയറി ശ്രീധരനെ താഴെ ഇറക്കുകയായിരുന്നു. തുടര്‍ന്ന് പോലിസുകാര്‍ ഇയാള്‍ക്ക് ബീഫും പൊറോട്ടയും വാങ്ങി നല്‍കി. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ ഇതിനുമുമ്പും പലവട്ടം ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു.