പുലിപ്പല്ലുമായി തമിഴ്‌നാട് വനംവകുപ്പിന് കൈമാറിയയാള്‍ തൂങ്ങിമരിച്ചനിലയില്‍
മറയൂര്‍: തമിഴ്‌നാട്-കേരള അതിര്‍ത്തിയിലെ ചിന്നാര്‍ ചെക്ക്‌പോസ്റ്റില്‍നിന്ന് പുലിപ്പല്ലുമായി പിടികൂടിയ ആളെ ഉദുമല്‍പേട്ട ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചിന്നാറിന് സമീപം തമിഴ്‌നാട് ആനമല കടുവ സങ്കേതത്തിനുള്ളിലെ മേല്‍ കുറുമല ഉന്നതിയിലെ മാരിമുത്തു (53)ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് 4.15നാണ് സംഭവങ്ങളുടെ തുടക്കം. അടിമാലി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസര്‍ എസ്. ഹരികൃഷ്ണന്റെ സംയുക്തപരിശോധനയില്‍ ഉടുമല്‍പ്പേട്ടയില്‍നിന്ന് മൂന്നാറിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍നിന്നാണ് പുലിപ്പല്ലുമായി മാരിമുത്തുവിനെ കണ്ടെത്തിയത്. ഉടന്‍തന്നെ ചിന്നാര്‍ വന്യജീവിസങ്കേതത്തിന് മാരിമുത്തുവിനേയും പുലിപ്പല്ലും കൈമാറി. ഉടുമല്‍പ്പേട്ട റേഞ്ച് ഓഫീസര്‍ വാസു, അമരാവതി റേഞ്ച് ഓഫീസര്‍ പുകഴേന്തി എന്നിവരുടെ നേതൃത്വത്തിലുള്ളസംഘം ചിന്നാറിലെത്തി രാത്രി 11ന് മാരിമുത്തുവിനെ കസ്റ്റഡിയിലേടുത്തു. രാത്രി ഉദുമല്‍പേട്ടയിലെ വനം വകുപ്പ് കാര്യാലയത്തില്‍ ചോദ്യംചെയ്യാനായി എത്തിച്ചു. വ്യഴാഴ്ച രാവിലെ ശൗചാലയത്തില്‍ പോയി വളരെനേരം കഴിഞ്ഞും മാരിമുത്തു പുറത്തുവരാഞ്ഞതിനാല്‍ വനം ഉദ്യോഗസ്ഥര്‍ കതക് ചവുട്ടിത്തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് പറയുന്നു.
ഇതിനിടയില്‍ ബന്ധുക്കളും, ഗ്രാമവാസികളും ഇത് കൊലപാതകമാണെന്നാരോപിച്ച് വനം കാര്യാലയത്തിന് സമീപം പ്രതിഷേധിച്ചു. ഒട്ടും ഉയരമില്ലാത്ത ശൗചാലയത്തില്‍ ഉടുത്തിരുന്ന മുണ്ടില്‍ തൂങ്ങിമരിക്കുമോ എന്ന സംശയം അവര്‍ ഉയര്‍ത്തി.മാരിമുത്തുവും കുടുംബവും മൂന്നുവര്‍ഷമായി മൂന്നാറിനടുത്തുള്ള ചെമ്പകതൊഴുകുടിയിലാണ് താമസിക്കുന്നത്.