ക്ഷേത്രത്തിലെ വാളുപയോഗിച്ച് അനിയനെ വെട്ടിയ യുവാവ് അറസ്റ്റില്‍; ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് അയച്ചതിന്റെ പ്രതികാരമെന്ന് പോലിസ്

Update: 2025-03-03 15:01 GMT

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം ചമലില്‍ ക്ഷേത്രത്തിലെ വാളുപയോഗിച്ച് ജേഷ്ഠന്‍ അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചമല്‍ അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന അഭിനന്ദി (23)നാണ് തലക്ക് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരന്‍ അര്‍ജുനാണ് ആക്രമിച്ചത്. പരിക്കേറ്റ അഭിനന്ദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ അഭിനന്ദിന്റെ തലയില്‍ ആറു തുന്നലുകളുണ്ട്. നില ഗുരുതരമല്ല.

ഇന്ന് വൈകീട്ട് 5.15ഓടെയായിരുന്നു സംഭവം. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍ എത്തിയാണ് വെട്ടിയത്. ലഹരിക്കടിമയായ ഇയാളെ സഹോദരന്‍ ലഹരിമുക്തി കേന്ദ്രത്തില്‍ അയച്ചതിന്റെ പ്രതികാരമായിട്ടാണ് വീട്ടില്‍വെച്ച് ആക്രമിച്ചത്. ആചാരത്തിന്റെ ഭാഗമായി ശൂലവും വാളും പതിവായി ക്ഷേത്രത്തിലെ ഗുരുതിത്തറയില്‍ ഉണ്ടാവാറുണ്ട്. വാള്‍ എടുത്തുകൊണ്ടുപോയതിന് അമ്പലക്കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്.