കായംകുളം കൊച്ചുണ്ണിക്ക് സ്മാരകമായി; കായല്‍ തീരത്താണ് ഓഡിറ്റോറിയം നിര്‍മിച്ചിരിക്കുന്നത്
കായംകുളം: ജന്മിത്വം കൊടിക്കുത്തി വാഴുന്ന കാലത്ത് ഭൂപ്രഭുക്കളില്‍ നിന്ന് സമ്പത്ത് പിടിച്ചെടുത്ത് ദരിദ്രര്‍ക്ക് വിതരണം ചെയ്ത കായംകുളം കൊച്ചുണ്ണിക്ക് കായംകുളത്ത് സ്മാരകമായി. കായംകുളം കായലോരത്താണ് പുതുതായി അദ്ദേഹത്തിന്റെ പേരില്‍ ഓഡിറ്റോറിയം നിര്‍മിച്ചിരിക്കുന്നത്. ഡിടിപിസി അമിനിറ്റി സെന്ററിന് സമീപം നടന്ന പരിപാടിയില്‍ യു പ്രതിഭ എംഎല്‍എ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ശശികല അധ്യക്ഷത വഹിച്ചു.
സ്വാതി തിരുനാളിന്റെ വരവിനായി ഇരയിമ്മന്‍ തമ്പി 'ഓമനത്തിങ്കള്‍ കിടാവോ' എഴുതിയ കാലത്താണ് ഒരു ദരിദ്ര കുടുംബത്തില്‍ കൊച്ചുണ്ണി ജനിച്ചത്. 19ാം നൂറ്റാണ്ടിലാണ് സാമ്രാജ്യത്വത്തിനും ജാതിവ്യവസ്ഥിതികള്‍ക്കുമെതിരെ പോരാടി കൊച്ചുണ്ണി ജീവിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ 1830ലെ കേരള ചരിത്രത്തിന്റെ ഭാഗമായാണ് കൊച്ചുണ്ണിയുടെ ജീവചരിത്രം അവതരിപ്പിക്കുന്നത്. ജന്മിമാര്‍ക്ക് വേണ്ടി ചതിയിലൂടെയാണ് അദ്ദേഹത്തെ പിടികൂടുന്നത്. 1859ല്‍ ജയിലില്‍ വച്ച് മരിച്ചു.
സാമൂഹിക വിപ്ലവ ശക്തികള്‍ രൂപപ്പെടാത്ത ജന്മിത്വ കാലത്ത്, ദരിദ്ര ഭൂരഹിത കര്‍ഷകരുടെ പ്രതിനിധിയായി ഇത്തരം 'കൊള്ളക്കാര്‍' ഉണ്ടാവാറുണ്ടെന്ന് പ്രശസ്ത ചരിത്രകാരന്‍ എറിക് ഹോബ്‌സ്വാം തന്റെ 'സോഷ്യല്‍ ബാന്‍ഡിറ്റ്' എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. അവര്‍ക്ക് പൊതുജന പിന്തുണയും ഉണ്ടാവും. അടിച്ചമര്‍ത്തലുകള്‍ നടത്തുന്ന ഭരണാധികാരികളും സമ്പന്നരും അവരെ കൊള്ളക്കാരായും ദരിദ്രജനങ്ങള്‍ അവരെ വിമോചകരമായും കാണും. റോബിന്‍ ഹുഡ്, താന്ത്യ ഭീല്‍, സാല്‍വത്തോറെ ഗിലിയാനോ, നെഡ് കെല്ലി, റോജര്‍ ഗോഡ്‌ബെര്‍ഡ് തുടങ്ങിവര്‍ ഇതിന് തെളിവാണ്.
പത്തനംത്തിട്ട ജില്ലയിലെ കോഴഞ്ചേരി ഗ്രാമത്തിലുള്ള ഇടപ്പാറ മലദേവത ക്ഷേത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ഠയുണ്ട്.
കായംകുളത്ത് രാജകൊട്ടാരത്തിലെ പടയണിക്കു ശേഷം മടങ്ങുകയായിരുന്ന ഇടപ്പാറ മലയിലെ ഊരാളി വഴിവക്കിലെ ആല്‍മരച്ചുവട്ടില്‍ രാത്രിയില്‍ വിശ്രമിക്കുമ്പോള്‍ മരത്തിന്റെ മുകളില്‍ നിന്ന് അശരീരി ഉയര്‍ന്നു. ഞാന്‍ അലയുകയാണ് ഒരിരിപ്പിടം തരുമോയെന്നായിരുന്നു അത്. ഇറങ്ങിവന്ന ആള്‍ സ്വയം പരിചയപ്പെടുത്തി, ഞാന്‍ കായംകുളം കൊച്ചുണ്ണി. അന്ന് ഊരാളിക്കൊപ്പം കൂടിയ കൊച്ചുണ്ണി പുന്നയ്ക്കാട് ദേശത്തു വന്നാണ് പിന്നീട് കുടികൊണ്ടതെന്നും അവിടെ നിന്ന് ഇടപ്പാറ മലയച്ഛന്‍ ഇരിപ്പിടം നല്‍കുകയായിരുന്നു എന്നുമാണ് പ്രചരിക്കുന്ന കഥകളില്‍ ഒന്ന്.

