കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യാപക തസ്തികകളുടെയും കാര്യത്തിലുള്ള ഗുരുതരമായ അപര്യാപ്തതകളും നാളിതുവരെ പരിഹരിക്കപ്പെടാത്ത ശമ്പള പരിഷ്‌കരണത്തിലെ അപാകതകളിലും പ്രതിഷേധിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ പ്രക്ഷോഭ പരിപാടികളിലേക്ക്. മെഡിക്കല്‍ കോളജുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.
എന്‍എംസി മാനദണ്ഡങ്ങള്‍ അനുസരിച്ച് കാസര്‍ഗോഡ്, വയനാട്, ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകളില്‍ മതിയായ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, എല്ലാ മെഡിക്കല്‍ കോളജുകളിലും രോഗികളുടെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ തസ്തികകള്‍ അനുവദിക്കുക, മെഡിക്കല്‍ കോളേജുകളില്‍ എന്‍എംസി. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുക, എന്‍ട്രി കേഡറിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക. മെഡിക്കല്‍ കോളജ് അധ്യാപകര്‍ക്ക് ലഭിക്കേണ്ട ശമ്പള പരിഷ്‌കരണ കുടിശ്ശികയും, മറ്റ് ശമ്പള അപാകതകളും അടിയന്തരമായി പരിഹരിക്കുക, കേന്ദ്രനിരക്കില്‍ ക്ഷാമബത്തയും അതിന്റെ കുടിശ്ശികയും ഉടന്‍ അനുവദിക്കുക, കേരളത്തിലെ കേന്ദ്ര സിവില്‍ സര്‍വീസ്, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതുപോലെ ക്ഷാമബത്ത കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.