മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്; ഒപിയും ശസ്ത്രക്രിയയും മുടങ്ങും

Update: 2026-01-25 12:26 GMT

കോഴിക്കോട്: ശമ്പളപരിഷ്‌കരണ കുടിശ്ശിഖ അന്യായമായി നീട്ടിവയ്ക്കുന്നതടക്കം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സൂചനയായി ജനുവരി 27ന് ഒപി ബഹിഷ്‌കരണത്തോടൊപ്പം അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തില്ല. ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണത്തോടൊപ്പം അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്‌കരിക്കും. ഫെബ്രുവരി ഒമ്പത് മുതല്‍ അനിശ്ചിതകാല അധ്യാപനവും ഒപി ബഹിഷ്‌കരണവും തുടരുന്നതിനോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തും. ഫെബ്രുവരി 11 മുതല്‍ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികള്‍ ബഹിഷ്‌കരിക്കുമെന്നും കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, ഐപി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണ കുടിശ്ശിക പൂര്‍ണമായി നല്‍കിയിട്ടും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിംഗ് കേന്ദ്രനിരക്കില്‍ പരിഷ്‌കരിക്കുക, താല്‍ക്കാലിക കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിച്ച് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സുഗമമാക്കുക, മെഡിക്കല്‍ കോളേജുകളില്‍ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഡി.എ. കുടിശ്ശിക നല്‍കുക തുടങ്ങി വര്‍ഷങ്ങളായി ഉന്നയിച്ചിട്ടുള്ള വിവിധ ആവശ്യങ്ങളില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്തതിനെ തുടര്‍ന്ന് 2025 ജൂലൈ ഒന്നു മുതല്‍ പ്രതിഷേധത്തിലാണെന്നും കെജിഎംസിടിഎ അറിയിച്ചു.