ആറ്റിങ്ങലില്‍ വന്‍ ലഹരി വേട്ട; ഒന്നര കിലോ എംഡിഎംഎ പിടികൂടി

Update: 2025-07-10 02:35 GMT

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ എംഡിഎംഎ വേട്ട. ഒന്നരക്കിലോ എംഡിഎംഎയാണ് പിടികൂടിയത്. കല്ലമ്പലം മാവിന്‍മൂട് വലിയകാവ് സ്വദേശികളില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. നാലുപേര്‍ ഡാന്‍സാഫിന്റെ പിടിയിലായിട്ടുണ്ട്. സഞ്ജു, നന്ദു എന്നിവരും മറ്റുരണ്ടുപേരുമാണ് ആണ് പിടിയിലായത്. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന എംഡിഎംഎ ആണ് പിടിച്ചെടുത്തത്.


വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലാകുന്നത്. സഞ്ജു എന്നയാളാണ് വിദേശത്തുനിന്ന് ലഹരിയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതെന്നാണ് വിവരം. മറ്റുമൂന്നുപേര്‍ വിമാനത്താവളത്തിലെത്തിയവരായിരുന്നു. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. പിന്തുടര്‍ന്ന് വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തുന്നത്. ഈന്തപ്പഴം പൊതിഞ്ഞ് കൊണ്ടുവന്ന ബാഗേജിനുള്ളിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

സഞ്ജു സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. 2023ൽ കല്ലമ്പലം ഞെക്കാട് വളർത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലെ പ്രതിയാണ് സഞ്ജു. പൊലീസ് പരിശോധിക്കാനെത്തിയപ്പോൾ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.