സിപിഎമ്മിന്റെ മുസ്‌ലിം നേതാവിനെ 'ബ്രാഹ്‌മണനാക്കി' ബംഗാളിലെ കരട് വോട്ടര്‍ പട്ടിക
കൊല്‍ക്കത്ത: സിപിഎമ്മിന്റെ മുസ്‌ലിം നേതാവിനെ 'ബ്രാഹ്‌മണനാക്കി' ബംഗാളിലെ എസ്‌ഐആറിന് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക. സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ എംപിയുമായ മുഹമ്മദ് സലീം, ആതിഷ് അസീസ് എന്നിവരെയാണ് അവാസ്തി എന്ന രണ്ടാം പേരോടു കൂടി 'ബ്രാഹ്‌മണരാക്കിയത്'. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന മുഹമ്മദ് സലീമിന് ഇത് സംഭവിച്ചെങ്കില്‍ സാധാരണക്കാര്‍ക്ക് എന്ത് സംഭവിക്കുമെന്ന് മകന്‍ ആതിഷ് അസീസ് 'അവാസ്തി' സോഷ്യല്‍ മീഡിയയില്‍ ചോദിച്ചു. എസ്‌ഐആര്‍ പോലുള്ള ഗൗരവമേറിയ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിസാരമായി നടത്തുന്നതാണ് പ്രശ്‌നമെന്ന് മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി. മതിയായ പരിശീലനം പോലും ലഭിക്കാത്തവരാണ് എസ്‌ഐആര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയില്‍ അന്തിമപട്ടിക തയ്യാറാക്കുമ്പോള്‍ ഈ തെറ്റുകള്‍ ഉണ്ടാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.