വാക്‌സിനേഷന്‍ എടുക്കാത്തതിന്റെ പേരില്‍ മാതൃവന്ദന യോജന ആനുകൂല്യം നിഷേധിച്ചെന്ന്
കൊച്ചി: പ്രധാന്‍ മന്ത്രി മാതൃവന്ദന യോജന പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നല്‍കുന്ന സാമ്പത്തിക ആനുകൂല്യം വാക്‌സിനേഷന്‍ എടുക്കാത്തതിന്റെ പേരില്‍ നിഷേധിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. കുറ്റിപ്പുറം സ്വദേശി പി എസ് അഹമ്മദ് ജുനൈദ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ രണ്ടാമത്തെ പെണ്‍കുട്ടിക്ക് ലഭിക്കേണ്ട 6,000 രൂപയുടെ പോഷകാഹാര സഹായ പദ്ധതിയുടെ ആനുകൂല്യമാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരില്‍ ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചിരിക്കുന്നതെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. 14 ആഴ്ചയിലെ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കിയ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ ആനുകൂല്യം അനുവദിക്കൂ എന്ന നിലപാടിലാണ് അധികൃതര്‍.
വാക്‌സിനേഷന്‍ എടുക്കുക എന്നത് വ്യക്തിയുടെ സ്വയംനിര്‍ണ്ണയാവകാശമാണെന്നും അത് എടുക്കാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിക്കാരന്‍ വാദിക്കുന്നു. വാക്‌സിനേഷന്‍ എടുക്കാന്‍ ആരെയും നേരിട്ടോ അല്ലാതെയോ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് 'ഡോ. ജേക്കബ് പുലിയേല്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ' (2022) കേസില്‍ സുപ്രിംകോടതി വിധിച്ചിട്ടുണ്ടെന്ന് ഹരജിക്കാരന്‍ പറയുന്നു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.
