അഹമദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ സമൂഹ വിവാഹത്തട്ടിപ്പ്. 28 യുവാക്കളുടെയും യുവതികളുടെയും കുടുംബങ്ങള്‍ക്ക് 40,000 രൂപ നഷ്ടമായി. രാജ്‌കോട്ട് സര്‍വജാതിയ സമൂഹ് ലഗ്‌ന എന്ന സംഘടനയാണ് തട്ടിപ്പ് നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച രാജ്‌കോട്ടിലെ മധാപൂരിലെ ഒരു ഹാളില്‍ സമൂഹവിവാഹം നടക്കുമെന്നാണ് സംഘടന പ്രഖ്യാപിച്ചിരുന്നത്. ജാതി വ്യത്യാസമില്ലാതെ വിവാഹം ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്നും സംഘടന പറഞ്ഞിരുന്നു. തുടര്‍ന്ന് വിവാഹിതരാവാന്‍ താല്‍പര്യമുള്ളവരെ കൊണ്ട് രജിസ്റ്റര്‍ ചെയ്യിപ്പിച്ച് പണം വാങ്ങുകയായിരുന്നു. സൂറത്ത്, സുരേന്ദ്രനഗര്‍, അമ്‌റേലി എന്നിവിടങ്ങളില്‍ നിന്നുള്ള 56 യുവതി-യുവാക്കളാണ് വിവാഹത്തിന് തയ്യാറായി പണം നല്‍കിയത്.
എന്നാല്‍, ശനിയാഴ്ച രാവിലെ വധൂവരന്‍മാരുടെ കുടുംബങ്ങള്‍ വിവാഹചടങ്ങിന് സ്ഥലത്തെത്തിയപ്പോള്‍ സംഘാടകരുടെയോ പൂജാരിമാരുടെയോ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥലത്തെത്തിയ പോലിസ് അവിടെയുണ്ടായിരുന്നവരുടെ വിവാഹം നടത്തിക്കൊടുത്തു. പ്രദേശത്തെ ഒരു കോണ്‍ഗ്രസ് നേതാവും സന്നദ്ധസംഘടനയും ചേര്‍ന്ന് വിവാഹവിരുന്നും സംഘടിപ്പിച്ചു. സമൂഹവിവാഹതട്ടിപ്പ് നടത്തിയ ചന്ദ്രേഷ് ചത്രോല, ദിലീപ് ഗോയല്‍, ദീപക് ഹിരാനി എന്നിവര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.
