''മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങളില്‍ നടപടിയില്ല''; കര്‍ണാടക കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ യൂണിറ്റില്‍ കൂട്ടരാജി, മംഗളൂരു മുന്‍ മേയര്‍ അഷ്റഫും രാജിവച്ചു

മംഗളൂരു: ദക്ഷിണകന്നഡയിലെ വര്‍ഗീയ സംഘര്‍ഷങ്ങളെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ന്യൂനപക്ഷ യൂണിറ്റിലെ അംഗങ്ങള്‍ രാജിവയ്ക്കാന്‍ തുടങ്ങി. മംഗളൂരു മുന്‍ മേയറും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ അഷ്റഫാണ് രാജിവച്ചവരില്‍ പ്രമുഖന്. സംഘപരിവാര സംഘടനകളുടെ ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതിലും വിദ്വേഷ പ്രസംഗങ്ങളും കൊലപാതകങ്ങളും തടയുന്നതിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഉദ്യോഗസ്ഥര്‍ മതപരമായി വിവേചനം കാണിക്കുകയാണെന്നും നിരപരാധികളെ പോലിസ് അറസ്റ്റ് ചെയ്യുകയാണെന്നും പ്രസ്താവന പറയുന്നു. ഹിന്ദുത്വ സംഘടനകള്‍ പരസ്യമായി ഭീഷണികള്‍ മുഴക്കിയിട്ടും പോലിസും രഹസ്യാന്വേഷണ ഏജന്‍സികളും അബ്ദുല്‍ റഹ്മാന്റെ കൊലപാതകം തടയുന്നതില്‍ പരാജയപ്പെട്ടു.
അബ്ദുല്‍ റഹ്മാന്റെ കൊലപാതകം വ്യക്തിപരമായ ശത്രുതയുടെ ഫലമാണെന്ന് പറഞ്ഞ മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്െ പ്രസ്താവനയെയും അഷ്റഫ് വിമര്‍ശിച്ചു. മന്ത്രിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് അഷ്റഫ് പറഞ്ഞു. പ്രസ്താവന ഉടന്‍ പിന്‍വലിക്കണമെന്നും അഷ്റഫ് ആവശ്യപ്പെട്ടു.
മുസ്ലിംകള്‍ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളെക്കുറിച്ചും സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ കന്നഡ ജില്ലാ കോണ്‍ഗ്രസ് ന്യൂനപക്ഷ യൂണിറ്റ് വ്യാഴാഴ്ച ഉച്ചയ്ക്ക് (മെയ് 29) ബൊളാര ഷാദി മഹലില്‍ ചേരുന്ന നിര്‍ണായക യോഗത്തിന് മുന്നോടിയായാണ് രാജി. യോഗത്തിന്റെ മുന്നോടിയായി, നിരവധി ന്യൂനപക്ഷ നേതാക്കള്‍ ബുധനാഴ്ച വൈകുന്നേരം രാജി സമര്‍പ്പിക്കാന്‍ തുടങ്ങി.