ശ്രീലങ്കയില്‍ തമിഴരെ കൂട്ടക്കൊല ചെയ്ത് കുഴിച്ചിട്ട സ്ഥലം കണ്ടെത്തി; 141 അസ്ഥിക്കൂടങ്ങളെന്ന് അധികൃതര്‍
ചെമ്മാനി(ശ്രീലങ്ക): വടക്കന്‍ ശ്രീലങ്കയില്‍ നടത്തിയ പരിശോധനയില്‍ തമിഴരെ കൂട്ടക്കൊല ചെയ്ത് കുഴിച്ചിട്ട സ്ഥലം കണ്ടെത്തി. കുട്ടികള്‍ അടക്കം 141 പേരുടെ അസ്ഥിക്കൂടങ്ങളാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി ബേബി ബോട്ടിലുകളും സ്‌കൂള്‍ ബാഗുകളും കുഴിയില്‍ നിന്നും കണ്ടെടുത്തു. വൈദ്യുതി ശ്മശാനത്തിന് വേണ്ടി കുഴിയെടുക്കുമ്പോഴാണ് മനുഷ്യശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് പ്രദേശം പരിശോധിക്കാന്‍ തീരുമാനിച്ചത്.
ഈ പ്രദേശത്ത് നിരവധി പേരെ കൊന്ന് കുഴിച്ചിട്ടതായി ഒരു ശ്രീലങ്കന്‍ സൈനികന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തമിഴരായ സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയായ സോമരത്‌ന രാജപക്ഷെ എന്ന സൈനികനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇയാള്‍ ഇപ്പോഴും ജയിലിലാണ്. താന്‍ ബലാല്‍സംഗവും കൊലപാതകവും നടത്തിയിട്ടില്ലെന്നും മൃതദേഹങ്ങള്‍ കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നും പ്രതി അവകാശപ്പെടുന്നു. ചെമ്മാനിയില്‍ 400 മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്നാണ് അയാള്‍ പറയുന്നത്.
തമിഴ് പുലി സംഘടനയില്‍ നിന്നും 1996ല്‍ ജാഫ്‌ന നഗരം ശ്രീലങ്കന്‍ സൈന്യം പിടിച്ചിരുന്നു. അതിന് ശേഷം ചെമ്മാനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ശ്രീലങ്കന്‍ സൈന്യത്തിന് കീഴിലാണ്. ഈ സംഭവത്തില്‍ ആരും സൈന്യത്തിനെതിരേ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ആരോപണം ഉന്നയിക്കുന്നുണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കണമെന്നും സൈനിക വക്താവ് ബ്രിഗേഡിയര്‍ വരുണ ഗമാഗെ പറഞ്ഞു.