യുവനടിയുടെ പേര് വെളിപ്പെടുത്തിയ മാര്‍ട്ടിന്റെ വീഡിയോ; പ്രചരിപ്പിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തേക്കും

Update: 2025-12-17 04:50 GMT

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച മാര്‍ട്ടിന്‍ ആന്റണിയുടെ വെളിപ്പെടുത്തലെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ പോലിസ്. യുവനടിയുടെ പേര് മാര്‍ട്ടിന്‍ വീഡിയോയില്‍ പറഞ്ഞിട്ടുണ്ടെന്നതാണ് കാരണമായി പോലിസ് പറയുന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമാണെന്ന് പോലിസ് അവകാശപ്പെടുന്നു.

കേസില്‍ 2017ല്‍ അറസ്റ്റിലായ മാര്‍ട്ടിന് സുപ്രിംകോടതി ജാമ്യം നല്‍കിയിരുന്നു. അതിന് ശേഷം വിചാരണക്കാലയളവില്‍ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കേസിന് പിന്നില്‍ ദിലീപിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നും കേസ് ഗൂഡാലോചനയാണെന്നുമാണ് മാര്‍ട്ടിന്‍ വീഡിയോയില്‍ ആരോപിക്കുന്നത്. അറസ്റ്റ് ചെയ്ത കാലത്ത് കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് തന്നെ മാര്‍ട്ടിന്‍ മാധ്യമപ്രവര്‍ത്തകരോട് വിളിച്ചുപറഞ്ഞ കാര്യം തന്നെയാണ് വീഡിയോയില്‍ വിശദീകരിച്ചിരിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ കേസിലെ ഗൂഡാലോചനയില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. അതിന് പിന്നാലെയാണ് പോലിസ് നടപടി.

കേസിലെ വാദി താനാണെന്ന് അതിജീവിത നേരത്തെ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ അതിജീവിതയെ പിന്തുണക്കുന്നവര്‍ അവരുടെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

ഹണിബീ എന്ന സിനിമയുടെ വീഡിയോ ഇറക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിന് യുവനടിയെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുവരാന്‍ 2017 ഫെബ്രുവരി 17ന് ഉച്ചതിരിഞ്ഞ് 4.30ന് തൃശൂരിലേക്ക് മഹീന്ദ്ര എക്സിയുവിയുമായി മാര്‍ട്ടിന്‍ പോയെന്നാണ് പോലിസ് കേസ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം മൂന്നുപ്രതികള്‍ ടെമ്പോ ട്രാവലറില്‍ പോയി കറുകുറ്റിയിലെ അഡ്ലക് കണ്‍വെന്‍ഷന്‍ സെന്ററിന് സമീപത്തെ സര്‍വീസ് റോഡില്‍ വാഹനം നിര്‍ത്തിയിട്ടു. അഞ്ചും ആറും പ്രതികള്‍ കളമശേരി അപ്പോളോ കമ്പനിക്ക് സമീപം കാത്തുനിന്നു. തൃശൂരില്‍ എത്തിയ മാര്‍ട്ടിന്‍ വൈകീട്ട് നടിയുടെ വീട്ടില്‍ നിന്നും 7.45ന് പുറപ്പെട്ടു.

ദേശീയപാത 47ലൂടെ വരുമ്പോള്‍ തങ്ങളുടെ ലൊക്കേഷന്‍ മാര്‍ട്ടിന്‍, സുനിയെ അറിയിച്ചു. അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നിലൂടെ വാഹനം പോയപ്പോള്‍ ഒന്നും മൂന്നും നാലും പ്രതികള്‍ അത് കണ്ടു. അവര്‍ ട്രാവലറില്‍ പിന്തുടര്‍ന്നു. നടിയുടെ കാര്‍ അത്താണിക്ക് സമീപമുള്ള കോട്ടായിക്ക് സമീപം എത്തിയപ്പോള്‍ 9.15ഓടെ ട്രാവലര്‍ അതില്‍ ഇടിച്ചു. മാര്‍ട്ടിന്‍ കാറില്‍ നിന്നും പുറത്ത് ഇറങ്ങി ദേഷ്യപ്പെട്ടതായി അഭിനയിച്ചു. ആ സമയത്ത് ട്രാവലറില്‍ ഉണ്ടായിരുന്ന മൂന്നും നാലും പ്രതികള്‍ പുറത്തിറങ്ങി നടിയുടെ വാഹനത്തില്‍ കയറി. അവര്‍ നടിയുടെ ചുറ്റും ഇരുന്നു. കൈ പിടിച്ചു, വായ് പൊത്തിപിടിച്ചു. ടെമ്പോ ട്രാവലര്‍ ഓടിച്ച് പള്‍സര്‍ സുനി പിന്നാലെ എത്തി. പിന്നീട് സുനി കാറില്‍ കയറി.

തട്ടിക്കൊണ്ടുപോയി നഗ്‌നവീഡിയോ പകര്‍ത്താന്‍ ക്വട്ടേഷന്‍ ലഭിച്ചെന്ന് സുനി നടിയോട് പറഞ്ഞു. സഹകരിക്കാനും പറഞ്ഞു. സഹകരിച്ചില്ലെങ്കില്‍ ബോധം കെടുത്തുമെന്നും പറഞ്ഞു. സുനി നടിയെ മടിയില്‍ ഇരുത്തുകയും വസ്ത്രം അഴിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു. പിന്നീട് ബലമായി പീഡിപ്പിച്ചു. ഇതോടെ സുനിയുടെ ശരീര സ്രവങ്ങള്‍ നടിയുടെ ശരീരത്തിലും വസ്ത്രത്തിലും പുരണ്ടു. അതിനാല്‍ എല്ലാവരും കൂട്ടബലാല്‍സംഗത്തില്‍ പങ്കെടുത്തുവെന്നാണ് കേസ്. നടിയുടെ വിവാഹ എന്‍ഗേജ്മെന്റ് മോതിരം കാണുന്ന രീതിയിലായിരുന്നു വീഡിയോ ചിത്രീകരിച്ചത്.

ക്വട്ടേഷന്‍ തന്നയാള്‍ ഫോണിലുടെ ബന്ധപ്പെടുമെന്നും സുനി നടിയോട് പറഞ്ഞു. പീഡനം കഴിഞ്ഞപ്പോള്‍ സുനിയും മൂന്നാം പ്രതിയും കാറില്‍ നിന്നും പുറത്തിറങ്ങി. മാര്‍ട്ടിന്‍ നടിയുമായി അഞ്ചാം സാക്ഷി സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി. അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മാര്‍ട്ടിനെ അപ്പോള്‍ തന്നെ പിടികൂടി. അതിനിടെ മാര്‍ട്ടിന്‍ ഫോണും സിമ്മും നശിപ്പിച്ചിരുന്നുവെന്നാണ് കേസ്.