'പതിനാറ് വയസുള്ള മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം നിയമപരം'; പീഡനക്കേസില്‍ ഭര്‍ത്താവിനെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി

Update: 2025-10-16 16:08 GMT

അലഹബാദ്: പതിനാറുകാരിയെ വിവാഹം കഴിച്ച മുസ്‌ലിം യുവാവിനെ ബലാല്‍സംഗക്കുറ്റത്തിന് ശിക്ഷിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് നിക്കാഹ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.കാണ്‍പൂര്‍ സെഷന്‍സ് കോടതി 2007ല്‍ യുവാവിനെ ഏഴു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരേ യുവാവ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി വിധി. 2005 സെപ്റ്റംബര്‍ 25ന് പ്രതിയായ ഫസല്‍ അഹമദ് പതിനാറുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കേസ്. ഒരുമാസം പെണ്‍കുട്ടിയെ കൂടെ നിര്‍ത്തിയ ഫസല്‍ അഹമദ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്നും പോലിസ് ആരോപിച്ചു.

എന്നാല്‍, താന്‍ സ്വന്തം ഇഷ്ടത്തിനാണ് ഫസല്‍ അഹമദിന്റെ കൂടെ പോയതെന്നും നിക്കാഹ് കഴിഞ്ഞ ശേഷമാണ് ശാരീരീക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പെണ്‍കുട്ടി വിചാരണക്കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പെണ്‍കുട്ടിയുടെ സമ്മതത്തിന് പ്രസക്തിയില്ലെന്നാണ് വിചാരണക്കോടതി വാദിച്ചത്. തുടര്‍ന്ന് ഫസലിനെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചു. എന്നാല്‍, അപ്പീലില്‍ ഹൈക്കോടതി മറ്റൊരു നിലപാടാണ് സ്വീകരിച്ചത്. പെണ്‍കുട്ടിക്ക് 16 വയസ് കഴിഞ്ഞതിനാല്‍ ബന്ധം നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടി സ്വന്തം ഇഷ്ടത്തിനാണ് ഫസലിന്റെ കൂടെ പോയത്. മുഹമ്മദന്‍ നിയമത്തിലെ 195ാം വകുപ്പ് പ്രകാരം 15 വയസില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാം. അതിനാല്‍ ആ പ്രായത്തില്‍ വിവാഹം ചെയ്യുന്നതില്‍ തെറ്റില്ല. നിലവിലെ കേസില്‍ പെണ്‍കുട്ടിയുടെ പ്രായം 16 വയസാണ്. അതിനാല്‍ മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹത്തിന് നിയമസാധുതയുണ്ടെന്നും കോടതി വ്യക്തമാക്കി. 2006ലെ ബാലവിവാഹ നിരോധന നിയമം ഈ കേസില്‍ ബാധകമല്ല. പതിനെട്ട് വയസിന് താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗികബന്ധത്തെ പീഡനമായി കാണണമെന്ന് 2017ല്‍ ഇന്‍ഡിപെന്‍ഡന്റ് തോട്ട് കേസില്‍ സുപ്രിംകോടതി വിധിച്ചിട്ടുണ്ടെങ്കിലും നിലവിലെ സംഭവം 2005ലേത് ആണെന്നും കോടതി ചൂണ്ടിക്കാട്ടി.