അലി ഖാന്‍ മഹ്മൂദാബാദിന് എതിരായ പരാമര്‍ശം;സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് കത്തയച്ച് മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് കുറിപ്പെഴുതിയ അശോക സര്‍വകലാശാല പ്രഫസര്‍ അലി ഖാന്‍ മഹ്മൂദാബാദിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ സുപ്രിംകോടതി നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു കത്തെഴുതി. സുപ്രിംകോടതിയിലെ സിറ്റിങ് ജഡ്ജിമാര്‍ക്കാണ് അദ്ദേഹം കത്തെഴുതിയത്.
'' സുപ്രിംകോടതിയിലെ സഹോദര ജഡ്ജിമാരെ,
ഒരുപാട് സംസാരിക്കുന്ന ജഡ്ജി മോശമായി ട്യൂണ്‍ ചെയ്ത സംഗീത ഉപകരണം പോലെയാണെന്ന് ലണ്ടനിലെ ലോഡ് ചാന്‍സലറായിരുന്ന ഫ്രാന്‍സിസ് ബേക്കണ്‍ പറഞ്ഞിട്ടുണ്ട്.
നിങ്ങളില്‍ ചിലര്‍ക്ക് ഈ ശീലമുണ്ടെന്ന് കണ്ടതില്‍ എനിക്ക് സങ്കടമുണ്ട്, അത് നിങ്ങള്‍ ഒഴിവാക്കണം. ഞാനീ പറയുന്നതിനെ ഉപദേശമായി കണക്കാക്കരുത്, മറിച്ച് ഒരു മൂത്ത സഹോദരന്‍ പറയുന്നതു പോലെ കാണണം (ഞാന്‍ 2011ല്‍ സുപ്രിംകോടതി ജഡ്ജി പദവിയില്‍ നിന്ന് വിരമിച്ചു, ഇപ്പോള്‍ 79 വയസുണ്ട്.)
ജഡ്ജി എന്ന നിലയില്‍ കോടതിയില്‍ സംസാരിക്കുകയല്ല, കേള്‍ക്കുക എന്നതാണ് നിങ്ങളുടെ ജോലി. പണ്ടൊരിക്കല്‍ ഞാന്‍ ലണ്ടനിലെ ബ്രിട്ടീഷ് ഹൈക്കോടതിയിലെ നടപടികള്‍ കാണാന്‍ പോയിരുന്നു. മൊട്ടുസൂചി വീണാല്‍ പോലും കേള്‍ക്കാവുന്ന നിശബ്ദതയാണ് അവിടെയുണ്ടായിരുന്നത്. ജഡ്ജി നിശബ്ദമായിരുന്നു വാദം കേള്‍ക്കുന്നു. അഭിഭാഷകന്‍ വളരെ താഴ്ന്ന ശബ്ദത്തിലാണ് വാദിക്കുന്നത്. ഇടക്ക് ജഡ്ജി ചില കാര്യങ്ങളില്‍ വിശദീകരണം തേടും. ബാക്കിയുള്ള സമയമെല്ലാം അദ്ദേഹം മിണ്ടാതിരുന്നു.
കോടതി അന്തരീക്ഷം അങ്ങനെയായിരിക്കണം, ശാന്തതയും സ്വച്ഛതയും വേണം. അന്തിമവിധി തീര്‍ച്ചയായും ജഡ്ജിയുടെ തീരുമാനമാണ്.
പക്ഷേ, ഈയിടെയാണ് ഇവിടെ എന്താണ് നടക്കുന്നത് ? (കോടതി നടപടികള്‍ യൂട്യൂബില്‍ കാണിക്കാറുണ്ട്)
ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് കോടതിയില്‍ നിരന്തരമായി സംസാരിക്കുന്നത് ഞാന്‍ കണ്ടു. ഉദാഹരണത്തിന്... കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഒരു വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍, എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ കാലതാമസം വരുത്തിയത് എന്തുകൊണ്ടാണ് തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനോ വിചാരണക്കോടതിയോ ചോദിക്കേണ്ട ചോദ്യങ്ങളാണ് അവ.
പ്രഫ. അലി ഖാന്‍ മഹ്മൂദാബാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സമാനമായ കാര്യം ഞാന്‍ ശ്രദ്ധിച്ചു.
പ്രഫ. മഹ്മൂദാബാദിന് ഇടക്കാല ജാമ്യം അനുവദിച്ചതില്‍ ഞാന്‍ സന്തോഷിച്ചു, പക്ഷേ, മഹ്മൂദാബാദ് ദുരൂഹമായ ഭാഷയില്‍ സംസാരിക്കുകയാണെന്നും വില കുറഞ്ഞ പ്രശസ്തിക്കായി ശ്രമിക്കുകയാണെന്നും ജഡ്ജിമാരില്‍ ഒരാള്‍ പറഞ്ഞതിന്റെ ആവശ്യമെന്തായിരുന്നു ?
അടുത്ത ചീഫ് ജസ്റ്റിസാവാന്‍ പോവുന്ന സൂര്യകാന്ത് ഇങ്ങനെ പറഞ്ഞതായി റിപോര്‍ട്ടുകളുണ്ട്.
''എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാരത്തിനും അവകാശമുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചൊക്കെ സംസാരിക്കേണ്ട സമയമാണോ ഇത്? രാജ്യം.....ഇതിനിടയിലൂടെ കടന്നുപോകുന്നു... രാക്ഷസന്മാര്‍ വന്ന് നമ്മുടെ ജനങ്ങളെ ആക്രമിച്ചു...നമ്മള്‍ ഐക്യപ്പെടണം. ഈ സാഹചര്യങ്ങളില്‍ വില കുറഞ്ഞ പ്രശസ്തി നേടാന്‍ എന്തിനാണ് ഇത് ചെയ്യുന്നത്.?''
ജസ്റ്റിസ് സൂര്യകാന്ത് ഇങ്ങനെയും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്:
'' അഭിപ്രായ സ്വാതന്ത്ര്യമുള്ള സമൂഹത്തില്‍ ഒരു വിഭാഗത്തെ അപമാനിക്കാനും അവരില്‍ അസ്വസ്ഥത ഉണ്ടാക്കാനും മനപൂര്‍വ്വം വാക്കുകള്‍ തിരഞ്ഞെടുക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.....മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താത്ത, നിഷ്പക്ഷ ഭാഷ അദ്ദേഹത്തിന് ഉപയോഗിക്കാം.
അതിശയോക്തി നിറഞ്ഞ ഈ പൊട്ടിത്തെറിക്ക് എന്താണ് സാഹചര്യം ?. ജഡ്ജിമാര്‍, പ്രത്യേകിച്ച് സുപ്രിം കോടതിയിലെ ജഡ്ജിമാര്‍, സര്‍ ഫ്രാന്‍സിസ് ബേക്കണിന്റെ തത്ത്വം പിന്തുടര്‍ന്ന് സംയമനം പാലിക്കുകയും കോടതിയില്‍ കുറച്ച് സംസാരിക്കുകയും വേണം. കോടതിയിലെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ പോലും വിചാരണക്കോടതിയെ കാര്യമായി സ്വാധീനിക്കുമെന്ന കാര്യം അവര്‍ മനസിലാക്കണം. അവര്‍ പുരോഹിത ഭാഷ്യവും മതപ്രസംഗങ്ങളും ഒഴിവാക്കണം..............''

