കാനഡയെ നയിക്കാന്‍ മാര്‍ക്ക് കാര്‍നി; ഒരിക്കലും യുഎസിന്റെ ഭാഗമാവില്ലെന്ന് പ്രഖ്യാപനം

Update: 2025-03-10 02:00 GMT

ഒട്ടാവ: ലിബറല്‍ പാര്‍ട്ടി നേതാവ് മാര്‍ക്ക് കാര്‍നി കാനഡയുടെ പ്രധാനമന്ത്രിയാവും. നേരത്തേ ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായിരുന്നു. ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി ലിബറല്‍ പാര്‍ട്ടി നേതാവാകാന്‍ സാധ്യതയുള്ളവരില്‍ മുന്നിലായിരുന്നു കാര്‍നി. 2008 മുതല്‍ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവര്‍ണറായിരുന്നു. 2011 മുതല്‍ 2018 വരെ ഫിനാന്‍ഷ്യല്‍ സ്‌റ്റെബിലിറ്റി ബോര്‍ഡിന്റെ ചെയര്‍മാനായി. 2008ലെ സാമ്പത്തികമാന്ദ്യത്തില്‍ അകപ്പെടാതെ അമേരിക്കയേയും യൂറോപ്പിനെയും രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു.

കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് സര്‍ക്കാര്‍ 25 ശതമാനം തീരുവ പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് കാര്‍നി പ്രധാനമന്ത്രിയാവുന്നത്. അമേരിക്ക കാനഡയല്ലെന്നും കാനഡ ഒരിക്കലും, രൂപത്തിലോ ഭാവത്തിലോ അമേരിക്കയുടെ ഭാഗമാവില്ലെന്നും മാര്‍ക്ക് കാര്‍നി പറഞ്ഞു.

''വിശ്വസനീയ വ്യാപാര പങ്കാളികളുമായി ഉറച്ച ബന്ധത്തിനാണ് ആഗ്രഹം. ട്രംപിന്റെ താരിഫ് ഭീഷണികളെ കണക്കിലെടുക്കുന്നില്ല. അദ്ദേഹം വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിനു കാനഡയുമായി യുഎസ് കൈകോര്‍ക്കണം. അതുവരെ തിരിച്ചടികള്‍ തുടരും. കാനഡയുടെ വിഭവങ്ങളും ഭൂമിയും രാജ്യവും അമേരിക്കക്കാര്‍ ആഗ്രഹിക്കുന്നു. ഇതു കാനഡക്കാരുടെ ജീവിതരീതിയെ നശിപ്പിക്കും'' കാര്‍നി കുറ്റപ്പെടുത്തി.