മാപ്പിളമാര്‍ കേരളത്തിലെ ആദ്യ സാക്ഷരസമുദായം: എം ശ്രീനാഥന്‍

Update: 2025-04-22 01:39 GMT

മലപ്പുറം: മാപ്പിളമാരാണ് കേരളത്തിലെ ആദ്യ സാക്ഷര സമുദായമെന്ന് ഡോ. എം ശ്രീനാഥന്‍. ഏപ്രില്‍ 16,17 തിയ്യതികളില്‍ ബുക്പ്ലസ് പബ്ലിഷേഴ്‌സും മലപ്പുറം ഗവണ്‍മെന്റ് കോളജ് ഇസ്്‌ലാമിക് ഹിസ്റ്ററി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച അറബിമലയാളം ദ്വിദിന സഹവാസക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാപ്പിള പഠന പരമ്പരയുടെ ഭാഗമായി ബുക്പ്ലസ് പ്രസിദ്ധീകരിക്കുന്ന 'അറബിമലയാളം: ഭാഷ, സാഹിത്യം, സംഗീതം' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്തകം എം ശ്രീനാഥന്‍ പ്രകാശനം ചെയ്തു. മലപ്പുറം കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗീതാ നമ്പ്യാര്‍ ഏറ്റുവാങ്ങി. യു പി അബ്ദുറഹ്മാന്‍ പുസ്തക പരിചയം നടത്തി.

മലപ്പുറം ഗവണ്‍മെന്റ് കോളേജിലും പാണക്കാട് ഹാദിയ സെന്ററിലുമായി സംഘടിപ്പിച്ച ക്യാമ്പില്‍ അറബിമലയാളം ഭാഷ, ലിപി, പാട്ട്, സാഹിത്യം, അക്കാദമിക അവസരങ്ങള്‍, ഗ്രന്ഥസംസ്‌കൃതി തുടങ്ങി വിവിധ വിഷയങ്ങളില്‍ ശില്‍പശാലകളും പ്രസന്റേഷനുകളും നടന്നു. എഴുത്തുകാരും പണ്ഡിതന്മാരും ഗവേഷകരും ഉള്‍പ്പെടെ എഴുപതോളം പേര്‍ പങ്കെടുത്തു. ഒഫീറ ഗംലിയേല്‍, ഡോ. മനോജ് കുറൂര്‍, എം എച്ച് വള്ളുവങ്ങാട്, ഡോ. പി ടി അബ്ദുല്‍ അസീസ്, ഡോ. എം മുല്ലക്കോയ, അബ്ദുറഹ്മാന്‍ മങ്ങാട്, കെ അബൂബക്കര്‍, ഇഹ്‌സാനുല്‍ ഇഹ്തിസാം, ഡോ. പി സക്കീര്‍ ഹുസൈന്‍, ഡോ. ബാവ കെ പാലുകുന്ന്, അന്‍വറലി, മോയിന്‍ മലയമ്മ, എന്‍ മുഹമ്മദ് ഖലീല്‍, സല്‍മാന്‍ പെരിമ്പലം, യൂനുസ് കോഴിശ്ശേരി, അനീസ് കമ്പളക്കാട് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.