മാവോവാദി നേതാവ് സന്തോഷ് അറസ്റ്റില്‍; കേരളത്തിലെ മാവോവാദി നേതൃത്വം ഇല്ലാതായെന്ന് പോലിസ്

Update: 2025-02-22 16:13 GMT

കൊച്ചി: നിരോധിത രാഷ്ട്രീയ പാര്‍ട്ടിയായ സിപിഐ മാവോയിസ്റ്റിന്റെ നേതാവെന്ന് ആരോപിക്കപ്പെടുന്ന സന്തോഷിനെ അറസ്റ്റ് ചെയ്തു. രാജ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാളെ തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്നാണ് പിടികൂടിയതെന്ന് കേരള ഭീകരവിരുദ്ധ സേന അറിയിച്ചു.

2013 മുതല്‍ മാവോവാദി സാന്നിധ്യം ഉണ്ടായിരുന്ന കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തി മേഖലയിലെ മാവോവാദി പ്രവര്‍ത്തനങ്ങളില്‍ സന്തോഷ് പ്രധാന കണ്ണിയായിരുന്നുവെന്ന് പോലിസ് പറയുന്നു. കൂടാതെ 2013 മുതല്‍ ഈ പ്രദേശങ്ങളില്‍ നടന്ന സായുധവിപ്ലവ പ്രവര്‍ത്തനങ്ങളിലും ഇയാള്‍ സജീവമായിരുന്നു. നാടുകാണി, കബനി സ്‌ക്വാഡുകളില്‍ പ്രവര്‍ത്തിച്ച സന്തോഷ്, കേരളത്തിലെ വിവിധ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഏകദേശം 45ഓളം യുഎപിഎ കേസുകളില്‍ പ്രതിയാണ്.

2024 ജൂലൈയില്‍ സന്തോഷ് മാവോവാദികളായ സി പി മൊയ്തീന്‍, പി കെ സോമന്‍, പി എം മനോജ് എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പൊലീസ് നിരീക്ഷണ വലയത്തില്‍നിന്ന് രക്ഷപ്പെട്ടു. പിന്നീട് മൊയ്തീനെയും സോമനെയും മനോജിനെയും അറസ്റ്റ് ചെയ്തു. 2013 മുതല്‍ കഴിഞ്ഞ 12 വര്‍ഷമായി കേരള പോലിസ്, കേരള എടിഎസ്, കേരള സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജന്‍സികള്‍ എന്നിവ ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന എല്ലാ മാവോവാദികളെയും അറസ്റ്റ് ചെയ്യുന്നതിനോ കീഴടക്കുന്നതിനോ സാധിച്ചതായും എടിഎസ് എസ്പി എം എല്‍ സുനില്‍ ഐപിഎസ് അറിയിച്ചു. തുടര്‍ച്ചയായ ഇന്റലിജന്‍സ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകള്‍, അന്തര്‍സംസ്ഥാന സഹകരണം എന്നിവയിലൂടെയാണ് ഇവരെ പിടികൂടിയതെന്ന് പോലിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.