നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാരസമരം; മാവോവാദി നേതാവ് രൂപേഷിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്ന മാവോവാദി നേതാവ് രൂപേഷിനെ ആരോഗ്യനില വഷളായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രൂപേഷ് എഴുതിയ പുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചതാണ് നിരാഹാര സമരത്തിന് കാരണമായത്. സമരം ആറു ദിവസം പിന്നിട്ടതോടെ രൂപേഷിന്റെ ആരോഗ്യനില മോശമായി. ഇതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കേരളത്തിലെ മാവോവാദി പ്രസ്ഥാനത്തിന്റെ നേതാവാണെന്ന് ആരോപിക്കപ്പെടുന്ന രൂപേഷ് കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ജയിലിലാണ്. 'ബന്ധിതരുടെ ഓര്‍മക്കുറിപ്പുകള്‍' എന്ന പേരിലുള്ള നോവലാണ് രൂപേഷ് എഴുതിയിരിക്കുന്നത്. ഇത് പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ലെന്നാണ് ജയില്‍ വകുപ്പ് പറയുന്നത്. പ്രസിദ്ധീകരിക്കാന്‍ അനുമതി തേടിയിട്ട് അഞ്ചുമാസം പിന്നിട്ടു. അനുമതിയില്ലെന്ന് വാക്കാലാണ് ജയില്‍ വകുപ്പ് അറിയിച്ചത്.
രൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ അടക്കമുള്ളവര്‍ ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഈ ആവശ്യം ശക്തമായിട്ടുണ്ട്.